ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ECINET ഉടന്‍ അവതരിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവിലുള്ള 40ലധികം മൊബൈല്‍ ആപ്പുകളും വെബ് ആപ്പുകളും സംയോജിപ്പിച്ചാണ് പുതിയ ഏക പ്ലാറ്റ്‌ഫോം. വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ പ്ലാറ്റ്‌ഫോമിലൂടെ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് വഴി ഒരുക്കും.
ECINET തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർമാർ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടികൾ, സിവിൽ സമൂഹം എന്നിവർക്ക് സുഗമവും ഉപയോക്തൃ സൗഹൃദവുമായ ഒരു ഇന്റർഫേസ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാർ വിഭാവനം ചെയ്ത ഈ പദ്ധതി വോട്ടർ ഹെൽപ്പ്‌ലൈൻ, വോട്ടർ ടേണൗട്ട്, cVIGIL, സുവിധ 2.0, ESMS, സാക്ഷാം, KYC ആപ്പ് തുടങ്ങിയ ആപ്പുകൾ ഏകീകരിച്ച് ഉപയോക്തൃ അനുഭവം (UX) ലളിതമാക്കാനും ഉപയോക്തൃ ഇന്റർഫേസ് (UI) മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു. “5.5 കോടിയിലധികം ഡൗൺലോഡുകൾ നേടിയ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ്, വോട്ടർ ടേൺഔട്ട് ആപ്പ്, സിവിജിൽ, സുവിധ 2.0, ഇഎസ്എംഎസ്, സാക്ഷാം, കെവൈസി ആപ്പ് തുടങ്ങിയ നിലവിലുള്ള ആപ്പുകളെ ECINETൽ ഉൾപ്പെടുത്തും,” തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.