പാലക്കാട്: വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു. കണ്ണമ്പ്ര കൊട്ടേക്കാട് കൊടക്കുന്ന് വീട്ടിൽ സുലോചന (53), മകൻ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ വീടിന്റെ ചുവര് ഇടിഞ്ഞു വീഴുകയായിരുന്നു.
ഒറ്റമുറി വീട്ടിൽ മകനും കിടപ്പുരോഗിയുമായ അമ്മയുമാണ് കഴിഞ്ഞിരുന്നത്. രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വീട് തകർന്നത്. വീടിന്റെ പുറകുവശം പൂർണമായും തകർന്ന് വീഴുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് വിവരം നാട്ടുകാർ അറിഞ്ഞത്. ഇവർ നടത്തിയ തെരച്ചിലിലാണ് വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ വീണുകിടക്കുന്ന സുലോചനയെയും മകനെയും കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരി ഫയർ ഫോഴ്സ് യൂണിറ്റും, പൊലീസും സ്ഥലത്തെത്തി ഇരുവരെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തേക്കെടുത്തു. ഉടൻതന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടേയും മരണം സംഭവിച്ചിരുന്നു.