ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷത്തിലേറെ രൂപ തട്ടിയ കേസ്; വിദേശത്തേക്ക് കടന്ന പ്രതി ലുക്ക് ഔട്ട് സർക്കുലറിലൂടെ പിടിയിൽ. ആലപ്പുഴ നെടുമുടി സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ പാലക്കാട് തൃത്താല സ്വദേശി മുഹമ്മദ് സലീം ആണ് ആലപ്പുഴ സൈബർ പൊലീസ് പിടികൂടിയത്. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റ്.
സോഷ്യൽ മീഡിയ വഴി പരാതിക്കാരനെ ബന്ധപ്പെട്ട പ്രതി, വീട്ടിലിരുന്ന് ഓൺലൈൻ ജോലി ചെയ്ത് ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വ്യാജ വെബ്സൈറ്റ് ലിങ്ക് വഴി രജിസ്റ്റർ ചെയ്യിച്ച ശേഷം റിവ്യൂ-റേറ്റിങ് ജോലി എന്ന പേരിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചു. പിന്നീട് പണവും ജോലിയുടെ പ്രതിഫലവും പിൻവലിക്കാൻ കഴിയാതെ വന്നതോടെ സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ പേരിലും പണം ആവശ്യപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.
2024 നവംബറിൽ ആലപ്പുഴ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിയെടുത്ത പണം പ്രതി സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ച് ചെക്ക് വഴി പിൻവലിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നതോടെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയായിരുന്നു.
രണ്ട് വർഷത്തോളം വിദേശത്ത് കഴിഞ്ഞ പ്രതി ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയതോടെ തടഞ്ഞുവെച്ചതായി വിവരം ലഭിച്ചു. തുടർന്ന് ആലപ്പുഴ സൈബർ പൊലീസ് സംഘം ഹൈദരാബാദിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് കർണാടക, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലും പരാതികളുണ്ടെന്ന് പൊലീസ് അറിയിച്ചു.
കേസിൽ പ്രതിയെ സഹായിച്ച സഹോദരിയെയും പ്രതി ചേർത്തിട്ടുണ്ട്. മലപ്പുറം സ്വദേശിയായ മറ്റൊരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകളും ബാങ്ക് ഇടപാടുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.




