വളാഞ്ചേരി: നഗരമേഖലയിലെ വാഹനക്കുരുക്ക് ഒഴിയുന്നില്ല; ഗതികെട്ട് യാത്രക്കാർ. കാൽനടയാത്രക്കാരും ദുരിതത്തിൽ. സെൻട്രൽ ജംക്‌ഷൻ കേന്ദ്രീകരിച്ചുള്ള ഗതാഗതക്കുരുക്കിനൊപ്പം ഉപറോഡുകളിലും വാഹനങ്ങൾ കുടുങ്ങുന്നു. ഇന്നലെ രാവിലെ പെരിന്തൽമണ്ണ റോഡിൽ വൈക്കത്തൂർ വരെ വാഹനങ്ങളുടെ നിരനീണ്ടു.
ഗതാഗതനിയന്ത്രണത്തിനു നടപടികൾ നന്നേ കുറവായിരുന്നു. ഇന്നലെ പട്ടാമ്പി റോഡിലും വാഹനക്കുരുക്ക് അനുഭവപ്പെട്ടു. ആലിൻചുവട് വരെ വാഹനനിര നീണ്ടു. ഇന്നു നടക്കുന്ന വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികൾ എംഇഎസ് കോളജിൽ വിതരണം ചെയ്യുന്നതിനാലാണ് പട്ടാമ്പി റോഡിൽ കൊട്ടാരം ഭാഗത്ത് വലിയ വാഹനക്കുരുക്ക് അനുഭവപ്പെട്ടത്.
ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിനായി എത്തിയ ആയിരത്തോളം വാഹനങ്ങളെ കോളജ് മുറ്റത്ത് ഉൾക്കൊള്ളാനാവാതെ ബസുകൾ അടക്കമുള്ളവ പ്രധാന പാതയോരത്ത് നിർത്തിയിട്ടതാണ് വാഹനക്കുരുക്ക് അനുഭവപ്പെടാനിടയാക്കിയത്. ഇതിന്റെ അനുബന്ധമായി പെരിന്തൽമണ്ണ റോഡിലും കുരുക്ക് മുറുകുകയായിരുന്നു.




