ഏപ്രില്‍ 7 ലോക ആരോഗ്യ ദിനമായി ആചരിക്കുന്നു. രോഗങ്ങള്‍ തടയുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി ആഗോള തലത്തില്‍ ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. എല്ലാ വര്‍ഷവും ഈ ദിവസത്തോടനുബന്ധിച്ച് ലോകാരോഗ്യസംഘടന ഒരു ആശയം മുന്നോട്ട് വെക്കാറുണ്ട്. ‘ആരോഗ്യകരമായ തുടക്കങ്ങള്‍, പ്രതീക്ഷയുള്ള ഭാവികള്‍’ എന്നാണ് ഈ വര്‍ഷത്തെ പ്രമേയം.
മാതൃ-നവജാതശിശു മരണങ്ങള് ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാനും സ്ത്രീകളുടെ ദീര്‍ഘകാല ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കാനും ഗവണ്മെന്റും ആരോഗ്യസ്ഥാപനങ്ങളും മുന്‍കൈ എടുക്കണമെന്നുമുള്ള ആശയവും, ആരോഗ്യകരമായ ഗര്‍ഭധാരണം, ശിശു ജനനം, മെച്ചപ്പെട്ട പ്രസവാനന്തര ആരോഗ്യം എന്നിവയെ പറ്റിയുള്ള അവബോധവും ലോകാരോഗ്യ സംഘടന (WHO) മുന്നോട്ട് വയ്ക്കുന്നു.
1950 മുതലാണ് ലോകാരോഗ്യ സംഘടനയുടെ (WHO) സ്ഥാപകദിനമായ ഏപ്രില്‍ 7 ലോക ആരോഗ്യ ദിനമായി നിലവില്‍ വന്നത്. ലോകാരോഗ്യ ദിനം എന്ന ആശയം മുന്നോട്ട് വരുന്നത് 1948-ല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടന്നആദ്യത്തെ ലോകാരോഗ്യ അസംബ്ലിയില്‍ നിന്നാണ്. ഈ അസംബ്ലിയില്‍ വച്ചു തന്നെയാണ് ലോകാരോഗ്യ സംഘടനയുടെ ഭരണഘടന അംഗീകരിക്കപ്പെടുന്നതും, ലോകമെമ്പാടുമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സ്ഥാപിതമായ WHO, ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്കും, ഉന്നമനത്തിനുമായിട്ടാണ് ഈ ദിനം ഉപയോഗിക്കുന്നത്.