താമരശ്ശേരിയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി പിതാവ് മുഹമ്മദ് ഇഖ്ബാല്‍. ക്രൂരമായി കൊല ചെയ്തിട്ടും പ്രതികള്‍ പരീക്ഷ എഴുതാന്‍ പോയി. അവര്‍ക്ക് ചെറിയ ശിക്ഷ പോലും കിട്ടിയില്ല. എന്റെ കുട്ടിയും പരീക്ഷ എഴുതാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായിരുന്നു, ഒരു രക്ഷിതാവെന്ന നിലയില്‍ തനിക്കും കുടുംബത്തിനും മാനസികമായി ബുദ്ധിമുട്ടുണ്ടെന്നും കോടതി ഉചിതമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് ഹര്‍ജി നല്‍കിയതെന്നും ഇഖ്ബാല്‍ പറഞ്ഞു.
പ്രതികള്‍ കുറ്റക്കാരാണെന്ന് എല്ലാവര്ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. നമ്മുടെ നിയമങ്ങളില്‍ ചെറിയ മാറ്റം വരണം. കുറ്റം ചെയ്താല്‍ ഇതുപോലെ ശിക്ഷിക്കപ്പെടും എന്ന പേടി കുട്ടികള്‍ക്ക് വേണം. കുട്ടികള്‍ തെറ്റിലേക്ക് പേകാതിരിക്കാന്‍ ഇത് പ്രേരണയാകണമെന്നും, ഇങ്ങനെ ഒരു വേദന മറ്റൊരു രക്ഷിതാവിന് ഉണ്ടാകരുതെന്നും കോടതിയെ വിശ്വസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വന്‍ സുരക്ഷയോടുകൂടിയാണ് ഷഹബാസിന്റെ കൊലയാളികള്‍ വെള്ളിമാട് കുന്നിലുള്ള പരീക്ഷ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയിരുന്നത്. മുന്‍പ് നിശ്ചയിച്ചിരുന്ന പരീക്ഷാകേന്ദ്രം താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളായിരുന്നു എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതോടെ പ്രതികളെ വെള്ളിമാട് കുന്നിലെ കേന്ദ്രത്തില്‍ പ്രത്യേക സൗകര്യം ഒരുക്കി പരീക്ഷ എഴുതിക്കുകയായിരുന്നു. സഹവിദ്യാര്‍ഥികളുടെ രക്ഷിതാക്കളും പ്രതികളെ പരീക്ഷയെഴുതിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് പ്രാവര്‍ത്തികമായില്ല.
ഷഹബാസ് മരിച്ചത് നഞ്ചക്ക് കൊണ്ടുള്ള അടിയില്‍ തലയോട്ടി പൊട്ടിയാണ്. പ്രതികളിലൊരാളുടെ വീട്ടില്‍ നിന്നാണ് ആയുധം കണ്ടെടുത്തത്. ഒപ്പം നാല് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ ഫോണുകളില്‍ വധം ആസൂത്രണം ചെയ്തതിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിയോ സന്ദേശങ്ങളും ചിത്രങ്ങളുമാണ് ഫോണുകളില്‍ നിന്ന് കണ്ടെത്തിയത്.