മെറ്റയുടെ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ബ്ലൂസ്‌കൈ പുതിയൊരു ആപ്പ് പുറത്തിറക്കി. ‘ഫ്‌ലാഷ്സ്’ എന്നാണ് ഈ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പിന്റെ പേര്. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ അവതരിപ്പിച്ച് 30,000 ഡൗണ്‍ലോഡുകള്‍ 24 മണിക്കൂറിനുള്ളില്‍ നേടി ഈ സ്വതന്ത്ര ആപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഈ ആപ്പ് ഇപ്പോള്‍ ലഭ്യമല്ല.
ഇന്‍സ്റ്റാഗ്രാമിനോട് സാമ്യമുള്ള ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പാണ് ബ്ലൂസ്‌കൈയുടെ ഫ്‌ലാഷ്സ്. ഇലോണ്‍ മസ്‌കിന്റെ എക്സില്‍ (പഴയ ട്വിറ്റര്‍) നിന്ന് നിരവധി ഉപയോക്താക്കളെ ആകര്‍ഷിച്ച ബ്ലൂസ്‌കൈയാണ് ഈ ആപ്പിന്റെ പിന്നില്‍. ബ്ലൂസ്‌കൈ രണ്ടര കോടിയിലധികം ഉപയോക്താക്കളുള്ള ഒരു ഓപ്പണ്‍ സോഴ്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ്. ബ്ലൂസ്‌കൈയുടെ ഡീസെന്‍ട്രലൈസ്ഡ് എ.റ്റി പ്രോട്ടോക്കോള്‍ (Authenticated Transfer Protocol) അനുസരിച്ച് ജര്‍മ്മനിയിലെ ബര്‍ലിനില്‍ നിന്നുള്ള ഡെവലപ്പറായ സെബാസ്റ്റ്യന്‍ വോഗല്‍സാങ് ആണ് ഫ്‌ലാഷ്സ് വികസിപ്പിച്ചത്.
ഫ്‌ലാഷ്സിന്റെ സവിശേഷതകള്‍:-
. ഇന്‍സ്റ്റാഗ്രാമിന് സമാനമായ ഇന്റര്‍ഫേസ്
. ഇന്‍സ്റ്റാഗ്രാമിന് സമാനമായി ഡിഎം (ഡയറക്ട് മെസേജ്) സൗകര്യം
. നാല് ഫോട്ടോകള്‍ വരെയും ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളും അപ്ലോഡ് ചെയ്യാം
. ആപ്പിനുള്ളിലെ ഫില്‍ട്ടറുകളും എഡിറ്റിംഗ് ടൂളുകളും ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാം
. ഫ്‌ലാഷ്സില്‍ ഇടുന്ന പോസ്റ്റുകള്‍ ബ്ലൂസ്‌കൈയിലും ലഭ്യമാകും
. രണ്ട് ആപ്പുകള്‍ വഴിയും റിയാക്ഷനുകളും കമന്റുകളും നല്‍കാം
. സൗജന്യമായി ഉപയോഗിക്കാവുന്ന ഫ്‌ലാഷ്സില്‍ പണം നല്‍കി ഉപയോഗിക്കാവുന്ന പ്രീമിയം ഫീച്ചറുകളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍