ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ ഓഫീസ് തുറന്ന് ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിക്കാൻ ടെക് ഭീമനായ മെറ്റ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിനായി (AI) എഞ്ചിനീയർമാരെയും ഉൽപ്പന്ന വിദഗ്ധരെയും നിയമിക്കാൻ കമ്പനി നീക്കം നടത്തുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിലുടനീളവും ശക്തമായ എഞ്ചിനീയറിംഗ്, ഉൽപ്പന്ന ടീമുകളെ ഇതിനകം സ്ഥാപിച്ചിട്ടുള്ള ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ പ്രമുഖ ടെക് ഭീമന്മാരുടെ പാതയാണ് ഇതുവഴി മെറ്റയും പിന്തുടരുന്നത്.
മെറ്റയുടെ വെബ്‌സൈറ്റിലെ ഒരു ജോബ് ലിസ്റ്റിംഗ് അനുസരിച്ച്, ഉത്തരവാദിത്തമുള്ള ഒരു എഞ്ചിനീയറിംഗ് ഡയറക്ടറെ ബെംഗളൂരുവിൽ ശക്തമായ ഒരു സാങ്കേതിക സംഘത്തെ കെട്ടിപ്പടുക്കുന്നതിന് കമ്പനി നിയമിക്കാനിരിക്കുകയാണ്. ഇന്ത്യയിൽ മെറ്റയുടെ ദീർഘകാല എഞ്ചിനീയറിംഗ് സാന്നിധ്യം രൂപപ്പെടുത്തുന്നതിൽ ഈ റോൾ ഒരു പ്രധാന പങ്ക് വഹിക്കും.
ലിങ്ക്ഡ്ഇനിലെ മെറ്റാ ജീവനക്കാരുടെ പോസ്റ്റുകൾ പ്രകാരം, കമ്പനിയുടെ എൻറർെ്രെപസ് എഞ്ചിനീയറിംഗ് ടീമാണ് ബെംഗളൂരു കേന്ദ്രം സ്ഥാപിക്കുക. മെറ്റയ്ക്കുള്ളിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗാമായാണ് ഈ നീക്കം. ഡാറ്റാ സെൻറർ പ്രവർത്തനങ്ങൾ, കസ്റ്റം ചിപ്പ് വികസനം എന്നിവയുൾപ്പെടെ വളർന്നുവരുന്ന എഐ ഇൻഫ്രാസ്ട്രക്ചറിനെ പിന്തുണയ്ക്കുന്നതിനായി കമ്പനി ഹാർഡ്‌വെയർ എഞ്ചിനീയർമാരെയും നിയമിക്കുന്നു.
2010ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച മെറ്റയ്ക്ക് ഗുരുഗ്രാം, ദില്ലി, ഹൈദരാബാദ്, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ഇതിനകം ഓഫീസുകളുണ്ട്. എങ്കിലും, രാജ്യത്തെ അതിൻറെ ഭൂരിഭാഗം തൊഴിലാളികളും വിൽപ്പന, മാർക്കറ്റിംഗ്, ബിസിനസ് വികസനം, പ്രവർത്തനങ്ങൾ, നയം, നിയമം, ധനകാര്യം തുടങ്ങിയ ജോലികളിലാണ് നിലവിൽ ഏർപ്പെട്ടിരിക്കുന്നത്.
കമ്പനി ബെംഗളൂരുവിൽ എഞ്ചിനീയറിംഗ് പ്രൊഫഷണലുകളെ നിയമിക്കാൻ ശ്രമിക്കുന്നതായി മെറ്റ വക്താവ് പറയുന്നു. മെറ്റയുടെ ഏറ്റവും വലിയ ഉപയോക്തൃ വിപണിയാണ് ഇന്ത്യ. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള മെറ്റ പ്ലാറ്റ്‌ഫോമുകൾ ഒരു ബില്യണിലധികം ആളുകൾ രാജ്യത്ത് ഉപയോഗിക്കുന്നു. ഈ ആഴ്ച ആദ്യം ഗൂഗിൾ ബെംഗളൂരുവിൽ ‘അനന്ത’ എന്ന പേരിൽ ഒരു വലിയ കാമ്പസ് ഉദ്ഘാടനം ചെയ്തിരുന്നു. അതിൽ ഗൂഗിൾ ഡീപ് മൈൻഡ്, ആൻഡ്രോയ്ഡ്, സെർച്ച്, പേ, ക്ലൗഡ്, മാപ്‌സ്, പ്ലേ എന്നിവയുൾപ്പെടെ വിവിധ ഡിവിഷനുകളിൽ നിന്നുള്ള ടീമുകൾ ഉൾപ്പെടുന്നു.