വളയം: കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച് യുവാക്കള്‍. സംഭവത്തില്‍ കോഴിക്കോട് വളയത്ത് അഞ്ച് യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. രണ്ട് വീടുകളില്‍ നിന്ന് ഇറച്ചിയും വനംവകുപ്പ് പിടികൂടി. എലിക്കുന്നുമ്മല്‍ ബിനു (43), തറോ കണ്ടിയില്‍ അമല്‍ ( 22 ), എലിക്കുന്നുമ്മല്‍ റീനു (42 ), എലിക്കുന്നുമ്മല്‍ ജിഷ്ണു (21), എലിക്കുന്നുമ്മല്‍ അഷ്വിന്‍ (23) എന്നിവരാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ ഉള്ളത്. കുറ്റ്യാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളില്‍ റെയ്ഡ് നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച്ച രാവിലെയാണ് വളയത്തെ വീട്ട് കിണറ്റില്‍ കാട്ടുപന്നി വീണത്. നാട്ടുകാര്‍ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചെങ്കിലും പിന്നീട് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടപ്പോള്‍ പന്നി രക്ഷപ്പെട്ടു എന്ന മറുപടിയാണ് നല്‍കിയത്. സംശയം തോന്നിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 60 കിലോയിലധികം വരുന്ന പന്നിയെ കൊന്ന് ഇറച്ചി 20 ലധികം പേര്‍ക്ക് വീതിച്ചതായി കണ്ടെത്തിയത്.