കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നതിനെ തുടര്‍ന്ന് ആശങ്ക. നഗരത്തിലെ വിവിധ വാര്‍ഡുകളിലായി നിരവധി പേര്‍ക്ക് മഞ്ഞിപ്പിത്തം സ്ഥിരീകരിച്ചു. കൊച്ചി കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിച്ചതിനെ തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം അടിയന്തര യോഗം വിളിച്ചു. രോഗ വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളും ആരംഭിച്ചു. നഗരസഭയിലെ 10,12,14 വാര്‍ഡുകളിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 18 പേരാണ് ഇതുവരെയായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതില്‍ രണ്ടു പേരുടെ ആരോഗ്യ നില ഗുരുതരമാണ്.
മുപ്പത്തിലധികം പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. രോഗം പടര്‍ന്ന മേഖലകളില്‍ ക്ലോറിനേഷന്‍ നടത്തുകയും കുടിവെള്ളം പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള മുപ്പതിലധികം പേര്‍ക്കാണ് രോഗ ലക്ഷണമുള്ളത്. പത്താം വാര്‍ഡില്‍ പെരിങ്ങഴയില്‍ രണ്ട് കുട്ടികള്‍ക്ക് ഉള്‍പ്പെടെ പത്തുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 12,14 വാര്‍ഡുകളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വിട്ടുമാറാത്ത പനി, ഛര്‍ദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് മിക്കവരും ആശുപത്രിയിലെത്തിയത്. ഡെങ്കിപ്പനി കേസുകളും മഞ്ഞപ്പിത്തത്തിന് പുറമെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവരില്‍ നഗരസഭാ ആരോഗ്യ വിഭാഗത്തെ അറിയിക്കാത്തവര്‍ ഏറെയുണ്ടെന്നാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്.