തൃശൂർ: പ്രശ്നപരിഹാരത്തിനായി സമീപിച്ച പൂജാരിയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ. കൊടകര പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26)യെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. പൂജാരിയായ മറ്റത്തൂർ മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടിൽ പ്രശ്ന പരിഹാരത്തിനായി എത്തി പൂജാരിയുടെ ഭാര്യയുടെ 12 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.
ഫെബ്രുവരി 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂജാരിയുടെ വീട്ടിലെ ബെഡ്റൂമിലെ അലമാരക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 12 പവനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിലധികം വില വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷണം പോയത്. യുവതി പ്രശ്നപരിഹാരത്തിനായി ഇടക്കിടെ പൂജാരിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഈ പരിചയം മുതലാക്കിയാണ് പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് പ്രതി തന്ത്രപൂർവം അലമാരയിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കൈവശപ്പടുത്തിയത്. കേസിന്റെ ആദ്യഘട്ടത്തിൽ പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയായ യുവതി മോഷ്ടിച്ച സ്വർണാഭരണങ്ങൾ കൊടകരയിലെ ഫിനാൻസ് കമ്പനിയിൽ വിൽപ്പന നടത്തുകയും ഇതിലൂടെ ലഭിച്ച പണം കൊണ്ട് പ്രതി പുതിയ സ്വർണാഭരണങ്ങളും, വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങുകയും പണയത്തിലിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുക്കുകയും ചെയ്തു. കൊടകര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെർലിൻ വി സ്കറിയ, സബ് ഇൻസ്പെക്ടർ കൃഷ്ണ പ്രസാദ്, സുരേഷ് ഇ എ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഷീബ അശോകൻ, ഷൈജി കെ ആന്റണി, ആഷ്ലിൻ ജോൺ, ജി എസ് സി പി ഒ കെ.ജെ ഡെനിൻ, എം.എം അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.




