മലപ്പുറം: വിപണിയിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. നിലവിൽ 240 മുതൽ 270 രൂപ വരെയാണ് കിലോയ്ക്ക് ഈടാക്കുന്നത്. സാധാരണഗതിയിൽ ശബരിമല സീസണിൽ വില കുറയേണ്ടതാണെങ്കിലും, കോഴിയുടെ ലഭ്യതയിലുണ്ടായ കുറവ് കാരണമാണ് വില വർധനയുണ്ടായതെന്നാണ് വ്യാപാരികൾ പറയുന്നത്.
വില വർധന ഇങ്ങനെ:
- 2025 നവംബർ: ₹140 – ₹180
- 2025 ഡിസംബർ: ₹240 – ₹250
- 2026 ജനുവരി: ₹260 – ₹280
അടുത്ത മാസം റമദാൻ വരാനിരിക്കെ, കോഴി വില ഇനിയും ഉയർന്ന് പുതിയ റെക്കോർഡുകളിൽ എത്തുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കളും വ്യാപാരികളും.
ഉയരാൻ കാരണം ലഭ്യത കുറവ്:
കോഴിക്കുഞ്ഞുകളുടെ കുറവും വിലയും കാരണം കേരളത്തിലെ ഫാമുകളിൽ ഉത്പാദനം നിർത്തിയതും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതുമാണ് വില ഉയരാൻ കാരണം. തമിഴ് നാട്ടിലെ കോഴി കർഷകർ കൂലി വർധന ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങിയത് തിരിച്ചടിയായെന്ന് കച്ചവടക്കാർ പറയുന്നു. കർഷകരുടെ ലഭ്യത കുറവ് കാരണം വൻ ഫാമുകൾക്ക് ഉത്പാദനം ഗണ്യമായി കുറക്കേണ്ടി വന്നത് കേരളത്തിലേക്കുള്ള കോഴി വരവിനെ കാര്യമായി ബാധിച്ചു. ഇതോടെ 20 മുതൽ 40 രൂപ വരെയുണ്ടായിരുന്ന കോഴിക്കുഞ്ഞുങ്ങളുടെ വില 55 മുതൽ 62 രൂപ വരെയെത്തി. കുഞ്ഞുങ്ങളെ വളർത്തി വിൽപനക്ക് പാകമാക്കാൻ നേരത്തെ 70 മുതൽ 90 വരെയുണ്ടായിരുന്ന ചെലവ് നിലവിൽ 120 മുതൽ 130 വരെ എത്തിയെന്ന് കോഴി കർഷകർ പറയുന്നു. ഇതോടെ സംസ്ഥാനത്തെ മിക്ക ഫാമുകളിലും ഉത്പാദനം പാതിയായി കുറഞ്ഞത് വില ഉയരാൻ കാരണമായി. സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം ഫാമുകളുണ്ട്. ജില്ലയിൽ മാത്രം 35,000 ഓളം ഫാമുകളുണ്ട്. എന്നാൽ വില വർധിപ്പിക്കാൻ വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് ആക്ഷേപവുമുണ്ട്.




