തിരൂർ: ചാർജ് ചെയ്യാൻ കുത്തിവച്ച പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിനശിച്ചു. അപകടസമയത്തു വീട്ടുകാർ പുറത്തായിരുന്നതിനാൽ ദുരന്തം ഒഴിവായി. തെക്കൻകുറ്റൂർ മുക്കിലപ്പീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ദീഖിന്റെ വീടാണു കത്തിനശിച്ചത്. കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണു സംഭവം. പവർബാങ്ക് ചാർജ് ചെയ്യാൻ കുത്തിവച്ച് കുടുംബം പുറത്തേക്കു പോയിരുന്നു. ഓലമേഞ്ഞ മേൽക്കൂര കത്തുന്നതു കണ്ട നാട്ടുകാർ ഓടിക്കൂടി വെള്ളമൊഴിച്ചാണു തീ കെടുത്തിയത്. അടുത്ത വീടുകളിലെ 3 കിണറുകളിൽ നിന്നാണു വെള്ളമെടുത്ത് ഒഴിച്ചത്.
അടുക്കളവാതിൽ ചവിട്ടിത്തുറന്നു ഗ്യാസ് സിലിണ്ടർ എടുത്തുമാറ്റിയതിനാൽ വൻ അപകടം ഒഴിവായി. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഇതിനകം മേൽക്കൂരയൊന്നാകെ കത്തിനശിച്ചിരുന്നു. വീട്ടുപകരണങ്ങൾ, അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകൾ, വസ്ത്രങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ എന്നിവയെല്ലാം നശിച്ചു. വാടകവീട്ടിൽ കഴിഞ്ഞിരുന്ന കുടുംബം 6 വർഷം മുൻപാണ് ഈ വീട്ടിലേക്കു താമസം മാറ്റിയത്. ഓട്ടോ ഡ്രൈവറായ സിദ്ദീഖും ഭാര്യ അഫ്സിതയും മക്കളായ ഫാത്തിമ റബീഅ, ലഫ്സ ഫാത്തിമ എന്നിവരുമാണ് വീട്ടിൽ താമസിക്കുന്നത്. പുതിയ വീടിനു വേണ്ടി പഞ്ചായത്തിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് കുടുംബം.