മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അനുദിനം പെരുകുന്നതിനിടെ മുംബൈയില്‍ വനിതക്ക് 6.37 ലക്ഷം രൂപ നഷ്ടമായി. പാര്‍ട്ട്-ടൈം ജോലി വാഗ്ദാനം ചെയ്തുള്ള ഇന്‍സ്റ്റഗ്രാം റീലിന് പിന്നാലെ പോയതോടെയാണ് വനിത സാമ്പത്തിക തട്ടിപ്പിന് ഇരയായത്. പണം നഷ്ടപ്പെട്ടയാളുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.
മുംബൈയില്‍ നിന്ന് പുറത്തുവരുന്നത് ആസൂത്രിതമായ സൈബര്‍ തട്ടിപ്പിന്റെ വിവരങ്ങളാണ്. ഇന്‍സ്റ്റഗ്രാമിലെ പാര്‍ട്ട്-ടൈം ജോലി ഓഫര്‍ ചെയ്യുന്ന റീല്‍സ് പരസ്യത്തില്‍ ക്ലിക്ക് ചെയ്ത വനിത സാമ്പത്തിക തട്ടിപ്പിന് ഇരയാവുകയായിരുന്നു. ഓണ്‍ലൈനില്‍ വീഡിയോകള്‍ക്ക് ലൈക്ക് നല്‍കുക വഴി പണം സ്വന്തമാക്കാം എന്നായിരുന്നു പരസ്യം. ഇത് കണ്ട് ആകൃഷ്ടയായ വനിത ലിങ്കില്‍ ക്ലിക്ക് ചെയ്തതതോടെ ഒരു ടെലഗ്രാം ഗ്രൂപ്പിലെത്തപ്പെട്ടു. ടെലഗ്രാം ഗ്രൂപ്പില്‍ നിന്ന് ആദ്യം ആവശ്യപ്പെട്ടത് പരസ്യത്തില്‍ പറഞ്ഞിരുന്നതുപോലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനായിരുന്നു. ഇതിന് ചെറിയൊരു സംഖ്യ വനിതക്ക് ലഭിക്കുകയും ചെയ്തു. വനിതയുടെ വിശ്വാസം ഇതുവഴി പിടിച്ചുപറ്റുകയായിരുന്നു തട്ടിപ്പ് സംഘം.
കൂടുതല്‍ പണം ലഭിക്കുന്ന ജോലികള്‍ വേണമെങ്കില്‍ ഉയര്‍ന്ന തുകകള്‍ നിക്ഷേപിക്കാന്‍ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. ഇതുപ്രകാരം 6.37 ലക്ഷം രൂപ വനിത അയച്ചുനല്‍കുകയായിരുന്നു. പ്രതിഫലം ചോദിച്ചപ്പോള്‍ ടാക്‌സ് കൂടി നല്‍കിയാല്‍ മാത്രമേ തുക നല്‍കുകയുള്ളൂ എന്നായി തട്ടിപ്പ് സംഘത്തിന്റെ മറുപടി. പറ്റിക്കപ്പെട്ടതായി മനസിലായ വനിത ഒടുവില്‍ ബൊറിവാലി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. ഈയടുത്ത് സമാനമായ അനവധി സൈബര്‍ തട്ടിപ്പുകളുടെ വിവരങ്ങളാണ് പുറത്തുവന്നത്.