തിരുനാവായ: ഇന്നു രാവിലെ 12-ഓടെ കൊടി ഉയർന്നതോടെ നിളയിൽ കേരള കുംഭമേള തുടങ്ങി. ഉത്തരേന്ത്യയിൽ കുംഭമേള നടത്തുന്ന ജുനാ അഘാഡയുടെ നേതൃത്വത്തിലാണ് തിരുനാവായയിലും മഹാമാഘ മഹോത്സവം എന്ന പേരിൽ കുംഭമേള നടത്തുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള സന്യാസിമാരും വിശ്വാസികളും ഇന്നലെ വൈകുന്നേരത്തോടെ തന്നെ തിരുനാവായയിൽ എത്തിത്തുടങ്ങിയിരുന്നു. മാഘ ഗുപ്ത നവരാത്രി ആരംഭദിനമായ ഇന്നു രാവിലെ മുതൽ നിളയിൽ സ്നാനം തുടങ്ങി.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് ധ്വജാരോഹണം നടത്തിയത്. ഇതിനുവേണ്ട ധ്വജവും ധ്വജസ്തംഭവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയിൽ നിന്ന് ഇന്നലെ വൈകിട്ട് തിരുനാവായയിലെത്തിച്ചു. 47 അടിയുള്ള ധ്വജസ്തംഭത്തിലാണ് ഗവർണർ ധ്വജാരോഹണം നടത്തുന്നത്. ചടങ്ങിൽ ജുനാ അഘാഡയുടെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, കെ.ദാമോദരൻ, കെ.കേശവദാസ്, കെ.സി.ദിലീപ് രാജ, അരീക്കര സുധീർ നമ്പൂതിരി എന്നിവരും പങ്കെടുത്തു.
ഇന്നു വൈകിട്ട് നിളാ ആരതി തുടങ്ങും. കാശിയിലെ ദശാശ്വമേധ ഘട്ടിൽ ഗംഗാ ആരതി നടത്തുന്ന പണ്ഡിറ്റുകൾ തന്നെയാണ് നിളാ ആരതിയും നടത്തുന്നത്. നദിയെ ആരാധിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. കുംഭമേള അവസാനിക്കുന്ന ഫെബ്രുവരി 3 വരെ എല്ലാ ദിവസവും വൈകിട്ട് നിളാ ആരതി നടക്കും. ഭാരതപ്പുഴ നേരിടുന്ന പരിസ്ഥിതി വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ നിളാ ആരതിക്ക് ആത്മീയതയ്ക്കൊപ്പം സാമൂഹിക സന്ദേശവും നൽകാനാകുമെന്ന് ജനറൽ കൺവീനർ കെ.കേശവദാസ് പറഞ്ഞു.




