മലപ്പുറം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കെ.ടി ജലീല്‍ എംഎല്‍എ. നിയമസഭ തെരെഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന പ്രഖ്യാപനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട ആളുകളോട് മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് എന്ത് തീരുമാനവും എടുക്കാം. പാര്‍ട്ടി പറയുന്നതിന് അനുസരിച്ചു ആശ്രയിച്ച് അന്തിമ തീരുമാനം എടുക്കും. തവനൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇടതുപക്ഷത്തിന് മറികടക്കാനാകും. നല്ലൊരു സ്ഥാനാര്‍ഥി വന്നാല്‍ തവനൂരില്‍ എല്‍ഡിഎഫ് അനായാസം വിജയിക്കുമെന്നും കെ.ടി ജലീല്‍ പറഞ്ഞു.
പെരിന്തല്‍മണ്ണയിലേക്ക് മാറുമെന്നത് ഓരോരുത്തരുടെ ഊഹാപോഹം. കഥകള്‍ ഓരോന്ന് മെനയുകയാണ്. ഇപ്പോള്‍ മുസ്ലിം ലീഗുമായി നേരിട്ട് ഏറ്റുമുട്ടേണ്ട തക്കതായ കാരണങ്ങള്‍ ഇല്ല. കുറ്റിപ്പുറത്ത് ലീഗിനെതിരെ മത്സരിച്ചപ്പോള്‍ തക്കതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. മത്സരിക്കണ്ട എന്ന് തീരുമാനിച്ച ആളോട് മറ്റൊരു സ്ഥലത്തു പോയി മത്സരിക്കണം എന്ന് പറയില്ലല്ലോയെന്നും കെ.ടി ജലീല്‍ പറഞ്ഞു.




