സിനിമകള്‍ യുവാക്കളെ വഴി തെറ്റിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വയലന്‍സ് പ്രോത്സാഹിപ്പിക്കുന്ന സിനിമകളാണ് പ്രധാന കാരണം. മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ പൊലീസിനെ കൊണ്ട് അടിച്ചമര്‍ത്താമെന്ന് കരുതുന്നത് പിണറായി സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പാവപ്പെട്ട സ്ത്രീകളെ വിളിച്ചുവരുത്തി അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറായാല്‍ അരമണിക്കൂര്‍ കൊണ്ട് അവസാനിപ്പിക്കാവുന്ന സമരമാണ് ധാര്‍ഷ്ട്യം കാരണം കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വലിച്ചു നീട്ടി കൊണ്ടിരിക്കുന്നത്. അവര്‍ സമരം ചെയ്യുന്നത് ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടിയാണ്. സമരത്തില്‍ പങ്കെടുത്ത 14 പൊതുപ്രവര്‍ത്തകര്‍ പോലീസിന് മുന്നേ ഹാജരാകണമെന്നാവശ്യപ്പെട്ടു നല്‍കിയ നോട്ടീസ് പിണറായി സര്‍ക്കാരിന്റെ ഫാസിസത്തിന്റെ ലക്ഷണമാണ്.
ഇത്തരം വിരട്ടലുകള്‍ കൊണ്ട് കേരളത്തിന്റെ പൊതുസമൂഹത്തില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് അനുകൂലമായി രൂപപ്പെട്ട വികാരത്തെ അടിച്ചമര്‍ത്താനാവില്ല. യുഡിഎഫ് ഈ പൊതുപ്രവര്‍ത്തകര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും ഒപ്പമുണ്ട്. ജനാധിപത്യ വിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ ജനതയെ ഭീഷണിപ്പെടുത്തിക്കൊണ്ട് കിരാതഭരണം നടപ്പാക്കാന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ ശക്തമായി പൊരുതുക തന്നെ ചെയ്യും. ജനദ്രോഹ സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങാന്‍ സമയമായിയെന്നും ചെന്നിത്തല പറഞ്ഞു.