തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമനരീതി സംവരണവിഭാഗത്തില്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ഥികളെ അപേക്ഷാഘട്ടത്തില്‍ത്തന്നെ പുറത്താക്കുന്നതായി പരാതി. നേരത്തെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനങ്ങളിലെ സംവരണക്രമം അട്ടിമറിക്കപ്പെട്ടുവെന്ന പരാതി കോടതിയുടെ പരിഗണനയിലാണ്. ഈ സാഹര്യത്തിലാണ് കാലിക്കറ്റില്‍ മാത്രം പിന്തുടരുന്ന നിയമനരീതി സാമൂഹിക നീതിനിഷേധമാണെന്ന ആക്ഷേപമുയരുന്നത്. മാര്‍ച്ച് 15ന് പുറത്തുവന്ന അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ 25 തസ്തികകളുടെ വിശദാംശങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 16 പേര്‍ക്ക് നിയമനം നല്‍കിയതില്‍ 13ഉം പൊതുവിഭാഗത്തിലാണ്. സംവരണവിഭാഗങ്ങള്‍ക്കായുള്ള ഒമ്പത് സീറ്റുകളാണ് യോഗ്യരായ അപേക്ഷകരില്ലെന്ന പേരില്‍ ഒഴിച്ചിട്ടത്. എട്ട് നിയമനത്തില്‍ ഏഴും പൊതുവിഭാഗത്തില്‍ നിന്നാണ്. നാലുസംവരണ സീറ്റുകളില്‍ നിയമനം നടന്നില്ല. നേരത്തെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനം നടന്നപ്പോഴും ആളില്ലെന്ന് പറഞ്ഞ് 10 സംവരണസീറ്റുകള്‍ ഒഴിച്ചിട്ടിരുന്നു. സംസ്ഥാത്തെ മറ്റെല്ലാ സര്‍വകലാശാലകളും അപേക്ഷ ക്ഷണിക്കുമ്പോള്‍ ഒഴിവ് ഏതുവിഭാഗത്തിലാണെന്ന് മുന്‍കൂട്ടി അറിയിക്കാറുണ്ട്. എന്നാല്‍ കാലിക്കറ്റില്‍ നേരത്തെയുണ്ടായ കോടതി വിധിയിലെ പരാമര്‍ശം ഉപയോഗപ്പെടുത്തി സംവരണസീറ്റുകള്‍ വെളിപ്പെടുത്താതെയാണ് അപേക്ഷ ക്ഷണിക്കുന്നത്. റാങ്ക് പട്ടിക പുറത്തുവരുമ്പോള്‍ മാത്രമാണ് ഉദ്യോഗാര്‍ഥികള്‍ വിവരമറിയുന്നത്. ഒന്നോ രണ്ടോ തസ്തികകളിലേക്കുള്ള ഒഴിവ് പൊതുവിഭാഗത്തില്‍പ്പെടുത്തി വിജ്ഞാപനമിറക്കുമ്പോള്‍ പട്ടികജാതി, പട്ടികവര്‍ഗം, അംഗപരിമിതര്‍, വിശ്വകര്‍മ, ലാറ്റിന്‍ കത്തോലിക്ക തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ അപേക്ഷിക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്. അപേക്ഷിച്ചാലും അഭിമുഖത്തിന് എത്താതിരിക്കുകയും പങ്കെടുത്താല്‍ തന്നെ പട്ടികയില്‍ സ്ഥാനമില്ലാതാകയും ചെയ്യുന്ന സ്ഥിതിയും നിലനില്‍ക്കുകയാണ്.




