മലപ്പുറം: അരീക്കോട് പൊലീസുകാരനെ കാണാതായി. അരീക്കോട് സ്പെഷ്യല്‍ ഒപ്പറേറ്റിങ് ഗ്രൂപ്പ് ക്യാമ്പിലെ പൊലീസുകാരനായ കോഴിക്കോട് വടകര സ്വദേശി മുബാഷിറിനെയാണ് കാണാതായത്. എംഎസ്പി ബറ്റാലിയന്‍ അംഗമാണ്.
കഴിഞ്ഞ നാലര വര്‍ഷമായി അരീക്കോട് ക്യാമ്പിലാണ് ജോലി ചെയ്യുന്നത്. ക്യാമ്പില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് പറയുന്ന മുബാഷിറിന്റെ കത്ത് പുറത്തുവന്നു. ഉദ്യോഗസ്ഥര്‍ നിരന്തരമായി പീഡിപ്പിക്കുകയാണെന്ന് കത്തില്‍ പറയുന്നു.
ചില ഉദ്യോഗസ്ഥരുടെ പേരും കത്തില്‍ എടുത്തുപറയുന്നുണ്ട്. പീഡനങ്ങള്‍ വിവരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. അതിന് ശേഷവും തന്നെ ദ്രോഹിക്കുകയാണ്. തനിക്ക് നീതി കിട്ടില്ല എന്നുറപ്പായതോടെ താന്‍ ജോലി ഉപേക്ഷിച്ച് സ്വയം പോവുകയാണെന്നും കത്തിലുണ്ട്.
ഇന്നലെ സ്വന്തം ബുള്ളറ്റിലാണ് മുബാഷിര്‍ പോയിരിക്കുന്നത്. ഇതുവരെ എവിടെയാണെന്നത് സംബന്ധിച്ച് ഒരു സൂചനയുമില്ല. സഞ്ചരിച്ച വാഹനത്തെ കുറിച്ചും വിവരം ലഭിച്ചിട്ടില്ല. അതേസമയം, സംഭവത്തില്‍ അരീക്കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.




