ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി വിടുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. സി.പി.ഐ.എം അംഗത്വം ഉപേക്ഷിക്കുകയാണെന്നും എന്നാൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ കൈവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്കെതിരെയല്ല മത്സരം, വിജയം ഉറപ്പ്
അമ്പലപ്പുഴയിൽ വിജയിക്കുമെന്ന പ്രതീക്ഷയുള്ളതുകൊണ്ടാണ് മത്സരിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. “പാർട്ടിക്ക് എതിരെയല്ല എന്റെ മത്സരം. മറ്റു സ്ഥാനാർത്ഥികൾ സന്യസിക്കാനല്ലല്ലോ മത്സരിക്കുന്നത്, അതുപോലെ ഞാനും മത്സരിക്കുന്നു. ഒരു മണ്ഡലത്തിലും പ്രസംഗിക്കാൻ പോകില്ല. ഇതുവരെ ഉയർത്തിപ്പിടിച്ച അതേ ആശയങ്ങൾ തന്നെയാകും ഇനിയും പ്രചാരണത്തിന് ഉപയോഗിക്കുക. സർക്കാരിനെതിരെ ഒന്നും പറയില്ല. ഭരണവിരുദ്ധ വികാരം ഉണ്ടോ എന്ന് അറിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിഹത്യ ചെയ്തു, മെമ്പർഷിപ്പ് പുതുക്കിയില്ല
മൂന്നാഴ്ച മുൻപ് അംഗത്വം പുതുക്കാൻ പാർട്ടി പ്രവർത്തകർ എത്തിയെങ്കിലും താൻ പുതുക്കിയില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. “പാർട്ടി ജീവിതം നയിക്കുന്ന എന്നെ വ്യക്തിഹത്യ ചെയ്തു. എന്റെ അച്ഛനെ വരെ മോശമായി പറഞ്ഞു. മർദ്ദനങ്ങൾ ഏറ്റുവാങ്ങിയാണ് ഞാൻ പാർട്ടി പ്രവർത്തനം നടത്തിയത്. പാർട്ടിയിൽ നിന്നല്ല ഇനി ഒന്നും ചെയ്യുന്നത്. പാർട്ടിയെ നന്നാക്കാൻ താൻ ആളല്ല,” സുധാകരൻ വികാരാധീനനായി പറഞ്ഞു. മെമ്പർഷിപ്പ് പുതുക്കാത്ത വിവരം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ഒരു ജില്ലാ കമ്മിറ്റി അംഗമാണെന്നും അദ്ദേഹം ആരോപിച്ചു.
സജി ചെറിയാനും എം.എം മണിക്കുമെതിരെ രൂക്ഷവിമർശനം
മന്ത്രി സജി ചെറിയാനെയും എം.എം. മണിയെയും സുധാകരൻ രൂക്ഷമായി വിമർശിച്ചു. “ഭരണഘടനയെ കുന്തം, കുടചക്രം എന്നൊന്നും ഞാൻ പറയില്ല. സ്ഥാനത്ത് എത്രകാലം ഇരുന്നു എന്നല്ല, എന്ത് ചെയ്തു എന്നാണ് നോക്കേണ്ടത്,” സജി ചെറിയാനെ ഉന്നംവെച്ച് അദ്ദേഹം പറഞ്ഞു. എം.എം. മണി ആലപ്പുഴയിലെ കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്നും ഇടുക്കിയിലെ കാര്യങ്ങൾ നോക്കിയാൽ മതിയെന്നും അദ്ദേഹം പരിഹസിച്ചു.
പിന്തുണയുടെ കാര്യം ഇപ്പോൾ പറയുന്നില്ല
കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണ സംബന്ധിച്ച ചോദ്യത്തിന്, ആരും തന്നെ പിന്തുണയ്ക്കാമെന്ന് എഴുതി തന്നിട്ടില്ലെന്നായിരുന്നു മറുപടി. “ആരുടെയും പിന്തുണയ്ക്ക് പിന്നാലെ താൻ പോകില്ല. സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ആരെങ്കിലും പിന്തുണ പ്രഖ്യാപിച്ചാൽ അപ്പോൾ നോക്കാം,” സുധാകരൻ നയം വ്യക്തമാക്കി.




