ഉരുൾക്കണ്ണീർ കടന്ന് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഇന്ന് ആശ്വാസ നാൾ. സംസ്ഥാന സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പണിതുയർത്തിയ മാതൃകാ ടൗൺഷിപ്പിന്റെ ഉദ്ഘാടനം പൂർത്തിയായി. 178 കുടുംബങ്ങൾക്കാണ് വീടുകളുടെ താക്കോൽ കൈമാറിയത്. വയനാട് ടൗൺഷിപ്പ് നാടിന്റെ ഒരുമയുടെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടുത്ത മഴക്കാലത്തിന് മുൻപ് മുഴുവൻ ദുരിതബാധിതർക്കും സ്വന്തം വീടും ഭൂമിയും നൽകും.
ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വെറും നാല് ചുവരുകൾ നിർമ്മിച്ചു നൽകുക എന്നതിലുപരി, അവരെ കൂടുതൽ മെച്ചപ്പെട്ടൊരു ജീവിത സാഹചര്യത്തിലേക്ക് കൈപിടിച്ചുയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ദുരന്ത നിവാരണ മേഖലയിലെ ‘ബിൽഡ് ബാക്ക് ബെറ്റർ’ (Build Back Better) എന്ന അടിസ്ഥാന തത്വത്തെ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുകയാണ് നിർമ്മാണത്തിലിരിക്കുന്ന ഈ ടൗൺഷിപ്പ്.
വെറും വീടുകൾക്കപ്പുറം ഒരു സമ്പൂർണ്ണ ആവാസവ്യവസ്ഥയാണ് ഇവിടെ ഒരുങ്ങുന്നത്. കമ്മ്യൂണിറ്റി ഹാൾ, ഡിസാസ്റ്റർ ഷെൽറ്റർ, ഫുട്ബോൾ ഗ്രൗണ്ട്, ഡിസാസ്റ്റർ മെമ്മോറിയൽ, കടമുറികൾ, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി തുടങ്ങിയ പൊതുസൗകര്യങ്ങൾ ടൗൺഷിപ്പിനെ പൂർണ്ണമാക്കുന്നു.
പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വികസനമാണ് ഇതിന്റെ പ്രത്യേകത. ഓരോ വീട്ടിലും വൈദ്യുതി ഉൽപ്പാദിപ്പിക്കാനായി 2 കെവി കപ്പാസിറ്റിയുള്ള സോളാർ പവർപ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഭൂഗർഭ വൈദ്യുത വിതരണ ശൃംഖലയും കാര്യക്ഷമമായ ഡ്രെയിനേജ് സംവിധാനവും ഇവിടെയുണ്ട്. കൂടാതെ 9.5 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക്, തടയണയും ജലാശയവും, പത്ത് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ എന്നിവയും അത്യാധുനികമായ ആസൂത്രണത്തിലൂടെ സജ്ജീകരിച്ചിരിക്കുന്നു. നഷ്ടപ്പെട്ടതിനേക്കാൾ മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തി, ദുരന്തബാധിതരെ ഒരു പുതിയ ജീവിതത്തിലേക്ക് നയിക്കുക എന്നതാണ് സർക്കാർ ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.




