ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു. വിഷുക്കണി കണ്ടുണര്‍ന്നും വിഷുക്കൈനീട്ടം നല്‍കിയും നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കുന്നു.
കാര്‍ഷികസമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കണ്‍തുറക്കുന്ന പ്രതീക്ഷയുടെ ദിനമാണ് വിഷു. മേടമാസത്തിലെ വിഷുപ്പുലരിയില്‍ കണ്ടുണരുന്ന കണി ആ വര്‍ഷം മുഴുവന്‍ ജീവിതത്തില്‍ ഐശ്വര്യവും സൗഭാഗ്യങ്ങളും കൊണ്ടുവരും എന്നാണ് വിശ്വാസം. വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണു വിഷുക്കണി. സമ്പല്‍ സമൃദ്ധമായ ഭാവി വര്‍ഷമാണു കണി കാണലിന്റെ സങ്കല്‍പം. വിഷുത്തലേന്നു തന്നെ വീടുകളിലും ക്ഷേത്രങ്ങളിലും കണിയൊരുക്കങ്ങള്‍ നടത്തുന്നു. കാര്‍ഷിക സമൃദ്ധിയുടെ നിറ കാഴ്ചകളുമായാണ് കണി ഒരുക്കുന്നത്. പരമ്പരാഗത രീതി അനുസരിച്ച് നിലവിളക്കിനു മുന്നില്‍ ഓടുളിയില്‍ കുത്തരി നിറച്ച് അതിനു മുകളില്‍ കണിക്കൊന്ന
പൂവും മാങ്ങയും ചക്കയും നാളികേരവും ഉള്‍പ്പെടെയുള്ള ഫല വര്‍ഗങ്ങളും ഗ്രന്ഥവും നാണയവും കണ്ണാടിയും കോടി മുണ്ടുമെല്ലാം വച്ചാണ് കണിയൊരുക്കുക. ഭഗവാന്റെ വിഗ്രഹം അല്ലെങ്കില്‍ ചിത്രവും ഒപ്പം വയ്ക്കും. ഇന്ന് പുലര്‍ച്ചെ നിലവിളക്ക് തെളിച്ചാണു കണി കാണല്‍. തുടര്‍ന്നു കുടുംബത്തിലെ മുതിര്‍ന്നവര്‍ കൈനീട്ടം നല്‍കും.