തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. യു.ഡി.എഫ് സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവരുന്നത്.
ചേലക്കരയിൽ യു.ഡി.എഫിന് അട്ടിമറി വിജയം. ഇടതുപക്ഷത്തിന്റെ കൈവശമുണ്ടായിരുന്ന കുറുമല വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു.
മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡ് എൽ.ഡി.എഫ് 139 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു. യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന വാർഡാണ് എൽ.ഡി.എഫ് തിരിച്ചുപിടിച്ചത്.
മലപ്പുറത്ത് നാല് വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ട് വാർഡുകൾ എൽ.ഡി.എഫും രണ്ട് വാർഡുകൾ യു.ഡി.എഫും നിലനിർത്തി. മങ്കടയിൽ മുസ്ലിം ലീഗ്–വെൽഫെയർ സഖ്യത്തെ എൽ.ഡി.എഫ് പരാജയപ്പെടുത്തി.
പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് പതിമൂന്നാം വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാർഥി പി. ഗിരീശൻ 48 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി-20 നിലനിർത്തി. ട്വന്റി-20 സ്ഥാനാർഥി ദീനമ്മ ജേക്കബാണ് വിജയിച്ചത്.
തിരുവല്ല കുറ്റൂരിൽ യു.ഡി.എഫിന് വിജയം. എൽ.ഡി.എഫിൽ നിന്ന് വാർഡ് പിടിച്ചെടുത്ത് യു.ഡി.എഫ് സ്ഥാനാർഥി രബീഷ് മോൻ വിജയിച്ചു. എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ചാലക്കുടി മുനിസിപ്പാലിറ്റിയിലെ ഇരുപത്തിനാലാം വാർഡ് കോൺഗ്രസ് നിലനിർത്തി. വി.ഒ. പൈലപ്പൻ 345 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ് വാർഡ് യു.ഡി.എഫ് തിരിച്ചുപിടിച്ചു. യു.ഡി.എഫ് സ്ഥാനാർഥി അജിത്ത് കുമാറാണ് വിജയിച്ചത്.
പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി ബിന്ദു കുമാരി വിജയിച്ചു. 18 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിന്ദു കുമാരിയുടെ ജയം.




