തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ മുരിങ്ങൂർ തെക്കുമുറി കോനൂർ നാലുകെട്ടിൽ കടവിലെ വീട്ടിൽ ഷഫീഖ് (49), മലപ്പുറം നിലമ്പൂർ പടികുളത്തുംപടി വീട്ടിൽ ഷഫ്ന (32) എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാം പ്രതിയായ ഷഫീഖിനെ തൃശൂർ കൊരട്ടി ലാൻഡ് ക്ലബിന് സമീപത്തുനിന്നും രണ്ടാം പ്രതിയായ ഷഫ്നയെ വീട്ടിൽനിന്നുമാണ് പൊലീസ് പിടികൂടിയത്.
വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനി അജിത നൽകിയ പരാതിയിലാണ് അറസ്റ്റ്. നിലമ്പൂരിൽ പ്ലാനറ്റ് ആൻഡ് ടൂർസ് എന്ന സ്ഥാപനം നടത്തുന്ന ഷഫ്നയും സ്ഥാപനത്തിലെ ജീവനക്കാരനായ ഷഫീഖുമാണ് കേസിലെ പ്രതികൾ.
ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് അജിതയും ഭർത്താവ് അലക്സും ഉൾപ്പെടെയുള്ളവരിൽനിന്ന് പലപ്പോഴായി 15 ലക്ഷത്തി 80,000 രൂപയും ബന്ധുവിൽനിന്ന് 5 ലക്ഷത്തി 40,000 രൂപയും തട്ടിയെടുത്തെന്നാണ് പരാതി.
ഓസ്ട്രേലിയയിലെ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് ഒരാൾക്ക് 7 ലക്ഷത്തി 90,000 രൂപ വീതം ആവശ്യപ്പെട്ടതിനെ തുടർന്ന് ബാങ്ക് മുഖേന പണം കൈമാറിയെന്നാണ് അജിത പൊലീസിന് നൽകിയ മൊഴി. ബന്ധുവിൽനിന്ന് ലഭിച്ച ഫോൺ നമ്പർ വഴിയാണ് പ്രതികളുമായി ബന്ധപ്പെട്ടത്.
പിന്നീട് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്ത് മറ്റൊരു വനിതയിൽനിന്നും ഇതേ സംഘം അഞ്ചു ലക്ഷത്തിലേറെ രൂപ കൈപ്പറ്റിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഈ മാസം പത്തിന് പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സമാനമായ മറ്റൊരു കേസിൽ ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതിന് തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ ആറിന് അറസ്റ്റ് ചെയ്തിരുന്നു.
വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




