തിരുവനന്തപുരം | ഞായറാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉച്ചക്ക് രണ്ട് മുതൽ രാത്രി പത്ത് വരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതൽ. ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ആൻഡമാൻ കടലിലെ അതിതീവ്ര ന്യൂനമർദം അസാനി ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിലടക്കം ഒറ്റപ്പെട്ട മഴ ലഭിക്കാനാണ് സാധ്യത. വടക്കൻ കേരളത്തിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ നാളെ മുതൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.