പാലക്കാട്ട് എല്‍ഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളി നടേശന്‍ സരിനോടൊപ്പം മാധ്യമങ്ങളെ കാണവേ രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസിനെതിരെ ഉന്നയിച്ചത്. കോണ്‍ഗ്രസ് ചത്ത കുതിരയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇടതുപക്ഷം വരുമെന്ന് തന്നെ വിശ്വസിക്കുന്നു. ഡോ പി സരിന്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥിയെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
ഒരു െ്രെപവറ്റ് ലിമിറ്റഡ് കമ്പനി പോലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു. ധാരാളം അഭിപ്രായ ഭിന്നതകളും അതില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഒരു ദിവസം എന്ത് പ്രസ്താവന നടത്തിയാലും ഉറപ്പായും പിറ്റേന്ന് പ്രതിപക്ഷ നേതാവ് അതിനെതിരായ നിലപാട് പറയും എന്നതാണ് അവസ്ഥ. കോണ്‍ഗ്രസ് പോസ്റ്ററില്‍ തന്നെ രണ്ടുപേരും രണ്ട് സൈഡിലേക്ക് തിരിഞ്ഞിരിക്കുന്ന ചിത്രമാണുള്ളത്. പരസ്പരം തിരിഞ്ഞുനിന്നുള്ള പ്രവര്‍ത്തനം കൊണ്ട് ആ പാര്‍ട്ടി എങ്ങനെ നന്നാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.
പാലക്കാട് ഉള്‍പ്പെടെ ഇടതുപക്ഷത്തിന് ഉപതെരഞ്ഞെടുപ്പില്‍ വിജയമുണ്ടാകുമെന്നാണ് വെള്ളാപ്പള്ളി നടേശന്റെ വിലയിരുത്തല്‍. ഇടതുപക്ഷത്തിനായിരിക്കും മൂന്ന് മണ്ഡലങ്ങളിലേയും ത്രികോണ മത്സരത്തിലെ പ്രയോജനം കിട്ടുന്നത്. കോണ്‍ഗ്രസില്‍ നാലോ അഞ്ചോ പേര്‍ മുഖ്യമന്ത്രിയാകാന്‍ ഖദറിട്ട് നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു.