വളാഞ്ചേരി: സ്വകാര്യ ബസ് സമരം മൂന്നാം ദിവസം പിന്നിട്ടതോടെ ജനങ്ങളുടെ യാത്രാക്ലേശം രൂക്ഷമായി. ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവരാണ് ഏറെ ബുദ്ധിമുട്ടിയത്. വിദ്യാര്‍ഥികളും വലഞ്ഞു. സ്വകാര്യ വാഹനങ്ങളിലാണ് കുട്ടികള്‍ വിദ്യാലയങ്ങളിലെത്തിയത്. പലര്‍ക്കും ഏറെ നേരത്തേ വീടുകളില്‍ നിന്നിറങ്ങേണ്ടി വന്നു.സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപന ജീവനക്കാര്‍ക്കും സമരം ദുരിതമായി. ദേശീയപാത വഴി കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയതിനാല്‍ ഈ റൂട്ടുകളിലെ യാത്രക്കാരെ സമരം ബാധിച്ചില്ല. ബസുകളില്‍ നല്ല
തിരക്കായിരുന്നു. പെരിന്തല്‍മണ്ണ റൂട്ടില്‍ പകല്‍ മുഴുവന്‍ ഇടവിട്ട് കെഎസ്ആര്‍ടിസി ബസുകള്‍ ഓടിയത് ആ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഗുണകരമായി.പട്ടാമ്പി, കൊപ്പം, തിരുവേഗപ്പുറ, അഞ്ചുമൂല ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ബസുകളില്ലാത്തതിനാല്‍ ശരിക്കും വലഞ്ഞു. സമരം കാരണം നഗരത്തിലും ചെറിയ അങ്ങാടികളിലും തിരക്കു കുറവായിരുന്നു.
