രാജ്യം നാളെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് വൈകീട്ട് 7 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ദ്രൗപതി മുര്‍മുവിന്റെ ആദ്യത്തെ സ്വാതന്ത്ര്യദിന സന്ദേശ അവതരണം കൂടിയാകും ഇത്. നാളെ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് രാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.
തുടര്‍ന്ന് വിവിധ സേനവിഭാഗങ്ങളുടെ ശക്തി പ്രകടമാക്കുന്ന വര്‍ണശബളമായ സ്വാതന്ത്ര ദിന പരേഡ് നടക്കും. ആഘോഷ പരിപാടികളുടെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷയിലാണ് ഡല്‍ഹിയും മറ്റു പ്രധാന നഗരങ്ങളും. ഡല്‍ഹിയില്‍ മാത്രം 10,000 ത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.