കോഴിക്കോട്: മയക്കുമരുന്ന് വില്‍പനയിലൂടെ പണം സമ്പാദിച്ച് വാങ്ങിയ ബൈക്ക് പൊലീസ് പിടിച്ചെടുത്തു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി കുറുക്കന്‍കുഴി പറമ്പില്‍ രമിത്ത്‌ലാലിന്റെ (23) കെഎല്‍ 57 യു 6167 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള യമഹ R15 മോഡല്‍ ബൈക്കാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ കോഴിക്കോട് സിറ്റി ഡാന്‍സാഫ് ടീമും മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്ന് ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 73.80 ഗ്രാം എംഡിഎംഎ സഹിതം രമിത്ത് ലാല്‍ പിടിയിലായിരുന്നു. മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാതെ ഇയാള്‍ വില കൂടിയ ബൈക്ക് വാങ്ങിയതും ആഡംബര പൂര്‍ണമായ ജീവിതം നയിച്ചതും പൊലീസ് ശ്രദ്ധിച്ചിരുന്നു. ഒന്നര ലക്ഷത്തിലേറെ വില വരുന്ന ബൈക്കിലായിരുന്നു രമിത്ത് കറങ്ങി നടന്നിരുന്നതും ലഹരിമരുന്ന് പലയിടങ്ങളിൽ വിതരണം ചെയ്തിരുന്നതെന്നുമാണ് പൊലീസ് കണ്ടെത്തിയത്.
ആഡംബര ജീവിതത്തിനുള്ള പണം രമിത്ത് കണ്ടെത്തിയത് ലഹരി വില്‍പനയിലൂടെയാണെന്ന് ബോധ്യമായതോടെയാണ് പൊലീസിന്റെ നടപടി. പന്തീരാങ്കാവ് സ്‌റ്റേഷനില്‍ ഇയാളുടെ പേരില്‍ ഒരു പോക്‌സോ കേസും നിലവിലുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. മെഡിക്കല്‍ കോളേജ് സിഐ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രമിത്തിന്റെ ബൈക്ക് പിടിച്ചെടുത്തത്.




