മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ പൊലീസ് കസ്റ്റഡിയിൽ. പതിനാറുകാരിയുടെ പരാതിയിൽ ഇന്നലെ രാത്രി നിലമ്പൂർ പൊലീസ് ആണ് ഫിലിപ്പ് മമ്പാടിനെ പിടികൂടിയത്. 2025 സെപ്റ്റംബറിൽ കാസർഗോഡ് കാഞ്ഞങ്ങാടെ ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പരാതി.
സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. പിന്നീട് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് കോഴിക്കോട് ചേവായൂർ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് ഫിലിപ്പ് മമ്പാടിനെ വീട്ടിൽ നിന്ന് പിടികൂടിയത്.
ചേവായൂർ പൊലീസിൽ നിന്ന് നിലമ്പൂർ സ്റ്റേഷനിലേക്ക് കേസ് കൈമാറിയാൽ അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടി സ്വീകരിക്കും. പെരിന്തൽമണ്ണ സബ് ഇൻസ്‌പെക്ടർ ആയിരിക്കെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാകാൻ വോളണ്ടറി റിട്ടയർമെന്റ് എടുത്തു. മോട്ടിവേഷൻ സ്പീക്കർ എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിലും സജീവമായിരുന്നു.




