ആലപ്പുഴ: മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആലപ്പുഴ പുന്നമടക്കായലില്‍ വീണ്ടും നെഹ്റുട്രോഫി വള്ളംകളിയെത്തുന്നു. ഈ വര്‍ഷത്തെ നെഹ്റു ട്രോഫി ജലോത്സവം സെപ്റ്റംബര്‍ നാലിന് നടത്താനാണ് ധാരണയായത്. ചരിത്ര പ്രസിദ്ധമായ നെഹ്റു ട്രോഫി ജലമേള പുന്നമടക്കായലില്‍ സെപ്റ്റംബര്‍ നാലിന് നടത്താനാണ് ധാരണ. കായല്‍ ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്ക് വള്ളംകളി ഉത്തേജനം പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കരക്കാര്‍ക്കും ബോട്ട് ക്ലബുകള്‍ക്കും ഇനി ഒരുക്കത്തിന്‍റെയും പരിശീലനത്തിന്‍റെയും നാളുകളാണ്. കുട്ടനാടിന്‍റെ കൈക്കരുത്തും മെയ്ക്കരുത്തും പുന്നമടയില്‍ ദൃശ്യമാകും. സെപ്റ്റംബര്‍ നാലിന് വള്ളംകളി നടത്താന്‍ പിപി ചിത്തരഞ്ജന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. തീയതിക്ക് അന്തിമ അംഗീകാരം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.