നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തി മൊഴിയെടുക്കാൻ അന്വേഷണ സംഘം. ഇന്ന് വയനാട്ടിലെ ദേവികയുടെ വീട്ടിലെത്തുന്ന സംഘം പിന്നാലെ സുള്ള്യയിലും പാലക്കാട്ടും പരിശോധന നടത്തും.
അപകടസമയത്ത് സുഹൈൽ സജീവ് മിനി കൂപ്പർ ഓടിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. മദ്യപിച്ചാണ് സുഹൈൽ വാഹനം ഓടിച്ചതെന്ന് രക്തപരിശോധനയിൽ തെളിഞ്ഞിരുന്നു. സഹയാത്രികർ ഇയാളെ തടയാൻ ശ്രമിച്ചില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസിൽ ദൃക്സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും നിർണായകമാകും. അപകടത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ ഇവന്റ് ഡാറ്റാ റെക്കോർഡറിന്റെ ശാസ്ത്രീയ പരിശോധനയും പൂർത്തിയായിട്ടില്ല.
അതേസമയം, അപകടത്തിൽ റോഡിന്റെ രൂപകൽപ്പനയ്ക്കോ നിർമാണത്തിനോ പങ്കുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധന നടത്തിയിരുന്നു. റോഡിൽ വേഗനിയന്ത്രണ സംവിധാനങ്ങളും രാത്രിയിലും വാഹന നമ്പർ തിരിച്ചറിയാൻ കഴിയുന്ന ക്യാമറകളും സ്ഥാപിക്കണമെന്ന് സിയാലിനോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്.




