മലപ്പുറം: വാഴക്കാട് മുട്ടുങ്കലിൽ 17കാരിയുടെ മൃതദേഹം ചാലിയാർ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്ന് ജില്ല പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പെൺകുട്ടിയുടെ ദുരൂഹ മരണത്തിൽ കുട്ടിയുടെ കരാട്ടെ പരിശീലകനെതിരായ പരാതിയിൽ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സാധ്യമായതും ശാസ്ത്രീയവുമായ എല്ലാ തെളിവുകളും ശേഖരിച്ച് അന്വേഷണം നടത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതിയുടെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും തെളിവുകളും പരിശോധിച്ച് സമഗ്രമായി അന്വേഷണം നടത്തിയിട്ടുണ്ട്.
ക്രൈംബ്രാഞ്ചിന് മുന്നിൽ കേസിന്റെ സി.ഡി ഫയൽ തുടരന്വേഷണത്തിന് ഹാജരാക്കിയിട്ടുണ്ടെന്നും. ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് റിപ്പോർട്ടിൽ. പോക്സോ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ അസ്വഭാവിക മരണത്തിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇടപെടേണ്ടതില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.




