ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം പങ്കു ചേരുകയാണെന്ന് നടന്‍ മോഹന്‍ലാല്‍. എളമക്കരയിലെ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹര്‍ ഘര്‍ തിരംഗ രാജ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കും. എല്ലാ പൗരന്മാരും വീടുകളില്‍ പതാക ഉയര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ പുരോഗതിക്കും രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാനുമൊക്കെ ഇതിലൂടെ സാധിക്കട്ടെയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹര്‍ ഘര്‍ തിരംഗയില്‍ ഭാഗമായി നടന്‍ മമ്മൂട്ടിയും കൊച്ചിയിലെ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി. ഭാര്യ സുല്‍ഫത്ത്, നിര്‍മാതാക്കളായ ആന്റോ ജോസഫ്, എസ്. ജോര്‍ജ്, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് പതാക ഉയര്‍ത്തിയത്.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹര്‍ ഘര്‍ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതല്‍ തുടക്കമാവുകയാണ്. രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങള്‍ക്കാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ അടക്കം ഏറ്റെടുത്തിട്ടുണ്ട്.