ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ക്രിയേറ്റർമാരിൽ നിന്ന് ഒരു മലയാളിയെ തേടി ഇൻസ്റ്റാഗ്രാമിന്റെ അപൂർവ്വ അംഗീകാരം. ജനപ്രിയ ഡിജിറ്റൽ ക്രിയേറ്റർ പൊന്നാനി സ്വദേശി നിഹാൽ ഹമീദിനെ ഫീച്ചർ ചെയ്തുകൊണ്ടുള്ള ഔദ്യോഗിക റീൽ ഇൻസ്റ്റാഗ്രാം പുറത്തിറക്കി. ഫെബ്രുവരി 23-നാണ് നിഹാലിന്റെ ക്രിയേറ്റിവിറ്റിയെയും യാത്രയെയും പ്രശംസിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിന്റെ ഔദ്യോഗിക പേജിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
തനതായ ശൈലിയിലുള്ള ഉള്ളടക്കത്തിലൂടെയും അവതരണത്തിലൂടെയും ദശലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത നിഹാൽ ഹമീദിന് ലഭിച്ച ഈ അംഗീകാരം മലയാളം ക്രിയേറ്റർമാർക്ക് വലിയൊരു നേട്ടമാണ്. ഇൻസ്റ്റാഗ്രാം നേരിട്ട് ഒരു ക്രിയേറ്ററെ ഇത്തരത്തിൽ ആഗോള പ്ലാറ്റ്‌ഫോമിൽ ഫീച്ചർ ചെയ്യുന്നത് വളരെ അപൂർവ്വമായാണ്. നിഹാലിന്റെ ക്രിയേറ്റീവ് യാത്രയെയും ആഗോളതലത്തിൽ അദ്ദേഹത്തിനുള്ള സ്വാധീനത്തെയും വ്യക്തമാക്കുന്നതാണ് പുറത്തിറങ്ങിയ വീഡിയോ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ നിഹാലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഈ അംഗീകാരം കേരളത്തിലെ വളർന്നുവരുന്ന ക്രിയേറ്റർമാർക്ക് വലിയ പ്രചോദനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.




