മലപ്പുറം: സംസ്ഥാന സര്‍ക്കാറിനെതിരായ വിമര്‍ശനത്തിന് കയ്യടിച്ച മലപ്പുറം ഹോമിയോ ഡി എം ഒ ഡോ.ഹന്ന യാസ്മിന്‍ വയലിലിന് താക്കീത് നല്‍കി സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട പെരുമാറ്റചട്ടം ലംഘിച്ചെന്ന് കാണിച്ചാണ് താക്കീത്. മലപ്പുറം കളക്ടറേറ്റില്‍ 2023 ജൂണ്‍ മൂന്നിനു നടന്ന ജില്ലാവികസന യോഗത്തില്‍ ഒരംഗം സര്‍ക്കാര്‍ നയത്തിനെതിരെ സംസാരിച്ചപ്പോഴാണ് ഡിഎംഒ കയ്യടിച്ചത്. യാത്രാക്ഷീണം കാരണം യോഗനടപടികള്‍ കഴിഞ്ഞു എന്ന് കരുതിയാണ് കയ്യടിച്ചതെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം.
ജില്ലാ കളക്ടറും എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തി അംഗീകരിക്കാന്‍ പറ്റുന്നതല്ല. അതിനാല്‍ ഇത്തരം പ്രവര്‍ത്തി വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന താക്കീത് നല്‍കണമെന്ന് ശുപാര്‍ശചെയ്തുകൊണ്ടുള്ളതായിരുന്നു ഹോമിയോപ്പതി ഡയറക്ടറുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടും ഡോക്ടറുടെ എതിര്‍വാദ പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളും പരിഗണിച്ചാണ് താക്കീത് നല്‍കിയത്.