ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കര്‍’ നാളെ (ഒക്ടോബര്‍ 31) തിയറ്ററുകളില്‍ എത്തും. വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം 80കളുടെയും 90കളുടെയും ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഒരു ചിത്രം പതിനാല് മാസത്തിന് ശേഷമാണ് തിയറ്ററുകളില്‍ എത്തുന്നത്. നൂറിലധികം പ്രീമിയര്‍ ഷോകള്‍ ഇന്ന് വൈകുന്നേരം ആറ് മണി മുതല്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ആഗോള ഓപ്പണിങ് ലക്കി ഭാസ്‌കര്‍ സ്വന്തമാക്കുമെന്നാണ് പ്രീ സെയിലില്‍ നിന്നും വ്യക്തമാകുന്നത്. ഒരു ‘സാധാരണക്കാരന്റെ അസാധാരണ യാത്ര’ എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സസ്‌പെന്‍സും ആകാംഷയും ഡ്രാമയും നിറഞ്ഞ ഒരു പീരീഡ് ചിത്രമാണ്. പണത്തിനായി എന്ത് അപകടവും ഏറ്റെടുക്കാന്‍ തയ്യാറുള്ള ഭാസ്‌കര്‍ കുമാര്‍ ആയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്.
കേരളത്തിനൊപ്പം ഗള്‍ഫ് രാജ്യങ്ങളിലും ചിത്രത്തിന് വമ്പന്‍ റിലീസായി വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. കേരളത്തിന് പുറമെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ച വേഫെറര്‍ ഫിലിംസിന്റെ വിതരണശൃംഖല ആദ്യമായി ഗള്‍ഫില്‍ വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ലക്കി ഭാസ്‌കര്‍. ഈ ചിത്രം തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്യും.
സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിലെ നായിക മീനാക്ഷി ചൗധരിയാണ്. ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജി വി പ്രകാശ് കുമാര്‍, എഡിറ്റിംഗ് നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്‌ളാന്‍, പിആര്‍ഒ ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തര്‍. ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം കിംഗ് ഓഫ് കൊത്തയാണ്.