മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ‘അങ്കത്തട്ടുകൾ’ സജ്ജം. ഇനി ‘അങ്കത്തീയതി’ക്കായുള്ള കാത്തിരിപ്പ്. ഓരോ ‘തട്ടി’ലേക്കുമുള്ള വിവിധ മുന്നണികളുടെയും കക്ഷികളുടെയും പോരാളികളെ കണ്ടെത്താനുള്ള കളരികൾ സജീവം. അധ്യക്ഷ–ഉപാധ്യക്ഷ സംവരണ നറുക്കെടുപ്പുകൂടി പൂർത്തിയായാൽ പോരാളികളുടെയും ചിത്രം തെളിയും. പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്തുകൾക്കു പുറമേ കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്തിലെ സംവരണ ഡിവിഷനുകൾകൂടി നിശ്ചയിച്ചതോടെയാണ് ജില്ലയുടെ തിരഞ്ഞെടുപ്പു കളം വ്യക്തമായത്. നറുക്കെടുപ്പിലൂടെ നിശ്ചയിച്ച സംവരണ, ജനറൽ സീറ്റുകളുടെ പട്ടിക ഇനി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവായി പുറത്തിറക്കാനുണ്ട്.
അധ്യക്ഷ–ഉപാധ്യക്ഷ സംവരണ നറുക്കെടുപ്പും അതിന്റെ ഉത്തരവും കൂടി പുറത്തിറങ്ങുന്നതോടെ പൂർണ ചിത്രമാകും. തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ–ഉപാധ്യക്ഷ സംവരണംകൂടി വ്യക്തമായാലേ മുന്നണികളുടെ ആകാംക്ഷ ഒഴിയൂ. ഈ സ്ഥാനങ്ങളിലേക്കുള്ള പ്രധാന സാധ്യതാ സ്ഥാനാർഥികളെ തുടർന്നേ പ്രഖ്യാപിക്കൂ. അധ്യക്ഷ പദവി സംവരണമാണെങ്കിലും ആ സ്ഥാനത്തേക്ക് ഉദ്ദേശിക്കുന്ന സ്ഥാനാർഥിയെ ജയസാധ്യതയുള്ള ജനറൽ സീറ്റിൽ മത്സരിപ്പിക്കുന്നതടക്കമുള്ള അപ്രതീക്ഷിത അടവുകളും പ്രതീക്ഷിക്കാം. അധ്യക്ഷ പദവി പട്ടികവർഗ സംവരണമായിരുന്ന ചാലിയാർ പഞ്ചായത്തിൽ, പട്ടികവർഗ സംവരണ സീറ്റിൽ മത്സരിച്ച സ്ഥാനാർഥി തോറ്റതോടെ ഭൂരിപക്ഷം ലഭിച്ചിട്ടും യുഡിഎഫിനു പ്രസിഡന്റ് പദവി ലഭിക്കാതെ പോയതുപോലെയുള്ള സംഭവങ്ങൾ ഇത്തവണ പാഠമാകും.
ജില്ലാ പഞ്ചായത്ത് പുതിയ ഡിവിഷനുകളിൽ ഏറെയും സംവരണം
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ സംവരണ നറുക്കെടുപ്പും പൂർത്തിയായി. 18 ഡിവിഷനുകളാണ് വിവിധ സംവരണ സീറ്റുകളായത്. പുതുതായി രൂപീകരിച്ചതോ പേരു മാറിയതോ ആയ ഡിവിഷനുകളിൽ 80 ശതമാനത്തിലും സംവരണം. നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ പ്രതിനിധീകരിക്കുന്ന ആനക്കയം ഡിവിഷൻ വീണ്ടും വനിതാ സംവരണമായി. കലക്ടർ വി.ആർ വിനോദിന്റെ നേതൃത്വത്തിലാണ് ഇന്നലെ നറുക്കെടുപ്പ് നടന്നത്.