വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ‘ജനനായകൻ’ റിലീസ് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് നിർമാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. തങ്ങളാൽ നിയന്ത്രിയ്ക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അതിനാലാണ് റിലീസ് മാറ്റുന്നതെന്നും കെ വി എൻ പ്രൊഡക്ഷൻസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിയ്ക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. സർട്ടിഫിക്കറ്റ് വൈകിപ്പിക്കുന്നുവെന്ന് കാണിച്ച് കെ വി എൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്നലെ കേസിൽ വാദം പൂർത്തിയാക്കിയ കോടതി, കേസ് വിധി പറയാനായി മാറ്റി. ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ച ഒൻപതിന് കേസിൽ വിധി പറയുമെന്നാണ് കോടതി അറിയിച്ചത്. ഇതോടെയാണ് റിലീസിങ്ങ് മാറ്റിയത്. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന സീനുകൾ ഉണ്ടെന്നും സൈന്യത്തിൻ്റെ ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. ഇതിനാലാണ് സെൻസറിങ് റിവൈസിങ് കമ്മിറ്റിയ്ക്ക് വിട്ടതെന്നും സെൻസർ ബോർഡ് കോടതിയിൽ വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതി കേസ് വിധി പറയാൻ മാറ്റിയതോടെയാണ് ചിത്രത്തിൻ്റെ റിലീസിങ്ങ് നിർമാതാക്കൾ മാറ്റിയത്.




