മന്തിയല്ല എന്തുവന്നാലും ബിരിയാണിയെ കൈവിടില്ലെന്ന് പറയുന്ന ലക്ഷക്കണക്കിന് പേര് രാജ്യത്തുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം സ്വിഗ്ഗി പുറത്തുവിട്ട കണക്കുകള്‍. 2025ല്‍ ഇതുവരെ സ്വിഗ്ഗിയില്‍ ബിരിയാണിക്ക് ലഭിച്ച ഓര്‍ഡറുകള്‍ 93 മില്യണാണ്. ഇതില്‍ തന്നെ കൂടുതല്‍ ഫാന്‍സുള്ളത് ചിക്കന്‍ ബിരിയാണിക്കാണ്. 57.7 മില്യണ്‍ ഓര്‍ഡറുകളാണ് ചിക്കന്‍ ബിരിയാണിക്ക് ഈ വര്‍ഷം ലഭിച്ചത്. അതായത് നമ്മള് ഇന്ത്യക്കാര്‍ക്ക് ബിരിയാണി വെറുമൊരു ഫുഡല്ല, വികാരമാണെന്ന് തെളിവുകള്‍ സഹിതം ഉറപ്പായിരിക്കുന്നു. ബിരിയാണി ജങ്ക് ഫുഡാണല്ലോ ബിരിയാണി തിന്ന് തടികൂടുന്നല്ലോ ന്യൂയര്‍ റെസല്യൂഷന്‍ തെറ്റുന്നല്ലോ എന്നൊക്കെ സങ്കടപ്പെടുന്ന ബിരിയാണി ലവേഴ്സിന് താഴെപ്പറയുന്ന ടിപ്പ്സ് ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. ബിരിയാണി തിന്നുകഴിയുമ്പോഴുള്ള വന്‍ കുറ്റബോധം ഒന്ന് കുറയ്ക്കാന്‍ ഈ ടിപ്സ് നിങ്ങള്‍ക്ക് സഹായകരമാകും.
- ബിരിയാണിയെ സൈഡാക്കരുത്
ബിരിയാണി ഒറ്റയ്ക്ക് തന്നെ വലിയൊരു മീല്‍ ആണ്. അതിനൊപ്പം നിരവധി മധുരപലഹാരങ്ങള്‍, ഡ്രിങ്കുകള്‍, ചിക്കന്‍, ബീഫ്, പോര്‍ക്ക് ഫ്രൈഡ് ഐറ്റംസ് തുടങ്ങിയവയും കൂടി ചേര്‍ത്താല്‍ അത് വലിയ പ്രശ്നമാകും. സാലഡുകളും അച്ചാറുകളും പുഴുങ്ങിയ മുട്ടയും തന്നെയാണ് ബിരിയാണിയുടെ എന്നെന്നും പിരിയാത്ത കൂട്ടുകാര്‍. ചിക്കന്‍ ഐറ്റംസ് വച്ച് ബിരിയാണിയെ അധികം ഡെക്കറേറ്റ് ചെയ്യുന്നത് പണിയാകും.
- ചോറും- ചിക്കനും ബാലന്‍സ് തെറ്റരുത്
ചോറ് അന്നജമാണെന്നും ചിക്കന്‍ പ്രോട്ടീനാണെന്നും എല്ലാവര്ക്കും അറിയാം. ആ ബാലന്‍സ് ആണ് ബിരിയാണിയിലെ പ്രധാന കാര്യം. അണ്‍ലിമിറ്റഡ് റൈസ് എന്നൊക്കെ ബോര്‍ഡ് കണ്ട് ഈ ബാലന്‍സ് തെറ്റിച്ചാല്‍ നമ്മുടെ സ്വന്തം ബിരിയാണി അണ്ഹെല്ത്തിയാകും. ചോറ് എത്ര കുറയ്ക്കാമോ അത്രയും കുറയ്ക്കാന്‍ ശ്രമിക്കാം.
നല്ല മസാല, മോശം മസാല
ഏലക്ക, ഗ്രാമ്പൂ, ഇഞ്ചി തുടങ്ങിയവ ബിരിയാണിക്ക് നല്ല ഫ്ലേവര്‍ നല്‍കുമെന്ന് മാത്രമല്ല അവ നല്ല ദഹനത്തിനും സഹായിക്കും. ബിരിയാണി കൂടുതല്‍ സ്പെസിയാക്കാന് അമിതമായി എരുവ് ചേര്‍ക്കുന്നത് ദഹനത്തെ ബാധിക്കും. വയറിന് പണിയാകും.
- ബിരിയാണിക്ക് അസമയമുണ്ടോ?
രാത്രി സമയത്ത് നമ്മുടെ ദഹന പ്രക്രിയ സാവധാനത്തിലാകുമെന്ന് മിക്കവര്‍ക്കും അറിയാമായിരിക്കും. രാത്രി കിടക്കുന്നതിന് തൊട്ടുമുന്‍പ് ഒരു പ്ലേറ്റ് ബിരിയാണിയും കഴിച്ച് വ്യായാമവും ചെയ്യാതെ വയര്‍ നിറഞ്ഞ അവസ്ഥയില്‍ കിടക്കയിലേക്ക് പോകുന്നത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും. രാത്രി ബിരിയാണി കഴിവതും ഒഴിവാക്കുക. ഉച്ച സമയത്ത് കഴിക്കാന്‍ നോക്കുക.
5.ബിരിയാണി കഴിച്ച കുറ്റബോധം കൊണ്ട് അന്നത്തെ ദിവസം ഒന്നും കഴിക്കാതെ ഇരിക്കണോ?
ഒരിക്കലും വേണ്ട. ബിരിയാണി ദഹിക്കാന്‍ ശരീരത്തിന് ആവശ്യത്തിന് സമയം കൊടുക്കുക. അടുത്ത മീല്‍ ഒഴിവാക്കുന്നതിന് പകരം അത് പരമാവധി സമീകൃതമാക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന് ഉച്ചയ്ക്ക് ബിരിയാണി കഴിച്ചെങ്കില്‍ രാത്രി ഭക്ഷണം ഒഴിവാക്കുന്നതിന് പകരം പരമാവധി പച്ചക്കറി സാലഡുകളും പഴങ്ങളും കഴിക്കുക. കൃത്രിമമായി മധുരം ചേര്‍ക്കാത്ത നല്ല പാനീയങ്ങള്‍ കുടിക്കുക. ശരീരത്തിന് ആവശ്യത്തിന് സമയം നല്കിയ ശേഷം ഉറങ്ങാന്‍ കിടക്കുക.




