എടക്കര: ഓണം ആഘോഷിക്കാൻ നാടുകാണി ചുരം കയറുന്നവരുടെ യാത്ര ദുഷ്കരമാകും. സംസ്ഥാന അതിർത്തി വരെ സുഗമമായ യാത്രയാണെങ്കിൽ അതിർത്തികടന്ന് തമിഴ്നാട്ടിലേക്ക് കടന്നാൽ പിന്നെ നടുവെടിയുന്ന യാത്രയാണ്. നാടുകാണി ടൗൺ വരെ യാത്ര ചെയ്യണമെങ്കിൽ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും സമയമെടുക്കും. അതിർത്തി മുതൽ നാടുകാണി ടൗൺ വരെ 4.5 കിലോമീറ്റർ ദൂരം റോഡ് നിറയെ കുഴികളാണ്. വേഗത്തിൽ കുഴിയിറങ്ങിയാൽ വാഹനത്തിന്റെ എൻജിൻ നിലത്തുതട്ടി കേടുപാട് സംഭവിക്കുമെന്ന സ്ഥിതിയാണ്.
റോഡിന്റെ തകർച്ച കാരണം ഗതാഗതക്കുരുക്കും രൂക്ഷം. ഓണാഘോഷത്തിന് യാത്രക്കാർ ഒന്നിച്ച് കയറുന്നതോടെ തിരക്ക് കൂടുമെന്നുറപ്പ്. ഇതിനിടയിൽ നാടുകാണി ചെക്പോസ്റ്റിലെ ടോൾ പിരിവും പരിശോധനയും വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് താമസം നേരിടുന്നുണ്ട്. ഇതിനിടെ കേരള അതിർത്തി വരെയുള്ള ഭാഗങ്ങളിൽ റോഡിലേക്ക് ചാഞ്ഞ മുളങ്കൂട്ടങ്ങളും കാടുകളുമെല്ലാം മരാമത്ത് വകുപ്പ് വെട്ടിമാറ്റുന്നുണ്ട്.




