മലപ്പുറം: ജില്ലയില്‍ അടുത്ത നാലുദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത വേണമെന്ന് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും വ്യാഴം, വെള്ളി ദിവസങ്ങളില്‍ റെഡ് അലര്‍ട്ടുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. അതത് ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മഴക്കെടുതികള്‍ വിലയിരുത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാ ദുരന്ത നിവാരണ സമിതി ചേര്‍ന്ന് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മഴക്കെടുതിമൂലമുണ്ടാകുന്ന അടിയന്തര സാഹചര്യം നേരിടാന്‍ ജില്ല പൂര്‍ണ സജ്ജമാണ്. ജില്ല, താലൂക്ക് തലങ്ങളില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ഏതുസമയവും കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനുള്ള സജ്ജീകരണങ്ങളും പൂര്‍ത്തിയായി. അടിയന്തര സാഹചര്യം നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ടീം നിലമ്പൂരില്‍ എത്തി. ക്വാറി ഉള്‍പ്പെടെയുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. റെഡ് അലര്‍ട്ടുള്ള ദിവസങ്ങളില്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെയുള്ള സമയങ്ങളില്‍ നാടുകാണി ചുരം പാതയിലൂടെയുള്ള യാത്ര നിരോധിച്ചു. അപകട സാധ്യതയുള്ളിടത്തും മലയോരത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തി ജാഗ്രതാ നിര്‍ദേശം നല്‍കണം.
24 മണിക്കൂറില്‍ 204.5 മി.മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. മലയോരത്ത് ഒറ്റപ്പെട്ട ശക്തമായ, ഇടിയോടുകൂടിയ മഴയുണ്ടാകാം. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ജാഗ്രത വേണം. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവരും, കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും കലക്ടര്‍.