പത്തനംതിട്ട: ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വിഷയത്തിൽ തിരുവാഭരണം കമ്മീഷണർ ദേവസ്വം ബോർഡിന് വിശദീകരണം നൽകി.
തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012ൽ ശബരിമലയിൽ സമർപ്പിച്ച 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായതായി ദേവസ്വം ബോർഡ് അറിയിച്ചു.
ദേവസ്വം രജിസ്റ്ററിൽ സ്വർണക്കിരീടത്തിന്റെ കണക്കുണ്ടെങ്കിലും ആറന്മുളയിലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന കിരീടം യഥാർഥ സ്വർണമാണോ, മുക്കുപണ്ടമാണോ എന്നതിലായിരുന്നു സംശയം ഉയർന്നത്.
അതേസമയം, മറ്റ് ചില വിലപിടിപ്പുള്ള വസ്തുക്കളുമായി ബന്ധപ്പെട്ട സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇവ സംബന്ധിച്ച പരിശോധന തുടരുമെന്നാണ് വിവരം.
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ കണക്കെടുപ്പും തുടരുകയാണ്. അന്തിമ പരിശോധനാ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കും.
ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ അവിടുത്തെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കാതെ ആറന്മുളയിലെ സുരക്ഷിതമായ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റണമെന്നാണ് നിലവിലെ ചട്ടം.




