പാലക്കാട്: ഒമാനിൽ നിന്നും കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. പാലക്കാട് തൃത്താല സ്വദേശി മുഹമ്മദ് മുർത്തുള്ളയെ (29) ആണ് ടൗൺ സൗത്ത് പൊലീസ് കണ്ണൂരിൽ നിന്നും പിടികൂടിയത്. കേസിൽ ഇതുവരെ 5 പേരാണ് അറസ്റ്റിലായത്. ഒമാനിൽ നിന്നും വാണിജ്യാടിസ്ഥാനത്തിൽ രാസലഹരി മൊത്തമായി വാങ്ങി വ്യോമമാർഗം ചെന്നൈ, കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിച്ച് ബസ് മാർഗം പാലക്കാട് വഴി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപന നടത്തുന്നതാണ് സംഘത്തിൻ്റെ രീതിയെന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ മെയിൽ ആണ് സംഘത്തിലെ ഓങ്ങലൂർ സ്വദേശി ഇല്യാസിനെ 620 ഗ്രാം രാസലഹരിയുമായി പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് മറ്റുള്ളവരും പൊലീസ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകീട്ട് 5 മണി മുതൽ അതിസാഹസികമായി കണ്ണൂർ പൊലീസും പാലക്കാട് പൊലീസും പാലക്കാട് സൈബർ സെല്ലിൻ്റെ സഹകരണത്തോടെ 6 മണിക്കൂറിലേറെ നടത്തിയ പ്രയത്നത്തിനൊടുവിലാണ് പ്രതി കസ്റ്റഡിയിൽ ആയത്. ഈ കേസിൽ ഒന്നാംപ്രതി ഇല്യാസ്, ജാഫർ സാദിഖ്, ഫഹദ്, മുഹമ്മദ് റഫീഖ് എന്നിവർ ഉൾപ്പെടെ അഞ്ചാം പ്രതിയാണ് ഇപ്പോൾ പിടിയിലായത്.
മെയ് 6ന് മറ്റൊരു പ്രതിയായ ഇല്യാസിൽ നിന്നും 620 ഗ്രാം മെത്താഫിറ്റമിൻ പിടികൂടിയിരുന്നു. പാലക്കാട് കെഎസ്ആർടിസി സ്റ്റാന്റ് പരിസരത്ത് വച്ചാണ് അന്ന് ഇല്യാസ് അറസ്റ്റിലായത്. ഒമാനിൽ നിന്നും ചെന്നൈയിലെത്തി കെഎസ്ആർടിസി ബസിലാണ് ഇയാൾ പാലക്കാടേക്കെത്തിയിരുന്ത്. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ മുഹമ്മദ് മുർത്തുള്ളയും അറസ്റ്റിലായിരിക്കുന്നത്. പാലക്കാട് എഎസ്പി രാജേഷ് കുമാർ ഐപിഎസ്, സൗത്ത് എസ്ഐ സുനിൽ.എം, എസ്സിപിഒ സുജയ് ബാബു, രജീദ്. ആർ, രതീഷ്, പ്രവീൺ, ഷാലു. കെ.എസ്., ബാലകൃഷ്ണൻ, ഉണ്ണിക്കണ്ണൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.