ഇനി മുതല്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസിലെ പ്രതികളെ ഷണ്ഡീകരിക്കും. പെറുവിലാണ് ഇതു സംബന്ധിച്ച നിയമം വരുന്നത്. പ്രതികള്‍ക്ക് അധിക ശിക്ഷയായിട്ടാവും ഷണ്ഡീകരണം നടപ്പാക്കുകയെന്ന് നീതി- മനുഷ്യാവകാശകാര്യ മന്ത്രി ഫെലിക്സ് കെറോ വ്യക്തമാക്കി. ഇതുസംബന്ധിച്ച ബില്‍ ഉടന്‍ തന്നെ അവതരിപ്പിക്കുമെന്ന് പെറുവിയന്‍ മന്ത്രിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നു വയസുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ രാജ്യത്ത് വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളെ ബലാത്സംഗം ചെയ്തവരെ ഷണ്ഡീകരണത്തിന് വിധേയരാക്കാനുള്ള നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്.
ജയില്‍ ശിക്ഷയ്ക്കൊപ്പം പ്രതികളെ ഷണ്ഡീകരണത്തിനും വിധേയരാക്കും. ശിക്ഷാകാലാവധിയുടെ അവസാനമായിരിക്കും ഇത് നടപ്പാക്കുക. ഇതുസംബന്ധിച്ച ബില്ലിന് പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയും പിന്തുണ അറിയിച്ചിട്ടുണ്ട്. പുതിയ നിയമം നിലവില്‍ വരണമെങ്കില്‍ പെറു കോണ്‍ഗ്രസില്‍ പുതിയ ബില്‍ പാസാവണം.
ഇതിനിടെ, ഷണ്ഡീകരണത്തിന് ബദലായി പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളും ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യമന്ത്രി ജോര്‍ജ് അന്റോണിയോ ലോപ്പസും പുതിയ ബില്ലിനെ വിമര്‍ശിച്ച് രംഗത്തെത്തി. ലൈംഗികാതിക്രം എന്താണെന്ന് ഭരണകൂടം മനസിലാക്കാത്തതില്‍ തങ്ങള്‍ക്ക് ദുഃഖമുണ്ടെന്നായിരുന്നു വനിതാസംഘടനാ നേതാവായ ഫ്‌ലോറ ട്രിസ്റ്റന്റെ പ്രതികരണം.
നിയമനടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കങ്ങളാണ് ആവശ്യം. ഇതിനൊപ്പം അതിക്രമങ്ങള്‍ ചെറുക്കാനുള്ള നടപടികള്‍ ശക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.