ആലപ്പുഴയിൽ വീണ്ടും ആശങ്കയായി പക്ഷിപ്പനി. നാല് പഞ്ചായത്തിൽ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികളെ ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിങ്) പ്രവർത്തനങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ നടത്തും. കോഴി, താറാവ്, കാട എന്നിവ അടക്കമുള്ള വളർത്തു പക്ഷികളെ കള്ളിങ്ങ് നടത്തും.
10 കിലോമീറ്റർ ചുറ്റളവിലെ 33 തദ്ദേശ സ്ഥാപനങ്ങളിൽ ഒരാഴ്ച നിയന്ത്രണം ഏർപ്പെടുത്തി. പക്ഷികളുടെ മാംസം, മുട്ട എന്നിവ വിൽക്കാൻ പാടില്ല. പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ മൂന്നു മാസത്തേക്ക് പക്ഷികളെ വളർത്താൻ പാടുള്ളതല്ല.




