ചെന്നൈ: അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ദേവയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് നടക്കും. സ്വദേശമായ റാണിപ്പേട്ട് ജില്ലയിലെ ചക്കരമല്ലൂരിലാണ് സംസ്കാരച്ചടങ്ങുകൾ. ഉച്ചയ്ക്ക് ഒരു മണിവരെ ചെന്നൈ ടി. നഗറിലെ വസതിയിൽ പൊതുദർശനമുണ്ടാകും. തുടർന്ന് ചെന്നൈയിൽനിന്ന് വിലാപയാത്രയായി മൃതദേഹം റാണിപ്പേട്ടിലേക്ക് കൊണ്ടുപോകും.
തമിഴ് സിനിമാ ലോകത്തെ പ്രമുഖരടക്കം നിരവധി പേർ ഇന്നലെ ദേവയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ളവർ വസതിയിലെത്തി ആദരാഞ്ജലികൾ നേർന്നു.
മൂന്നര പതിറ്റാണ്ട് നീണ്ട സംഗീതയാത്രയിൽ നാല് ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങൾക്ക് ദേവ സംഗീതം പകർന്നു. ഇന്നലെ രാവിലെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
തമിഴ് സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ദേവ മലയാളത്തിലും തന്റേതായ സംഗീതമുദ്ര പതിപ്പിച്ചു. മലയാളത്തിൽ മൂന്ന് ചിത്രങ്ങൾക്ക് മാത്രമാണ് സംഗീതം നൽകിയതെങ്കിലും, ആ ഗാനങ്ങൾ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.
1996-ൽ പുറത്തിറങ്ങിയ ദ പ്രിൻസ്, കിംഗ് സോളമൻ, 2002-ൽ പുറത്തിറങ്ങിയ ഫാന്റം എന്നിവയാണ് മലയാളത്തിൽ ദേവ സംഗീതം നൽകിയ ചിത്രങ്ങൾ. മോഹൻലാൽ നായകനായ ദ പ്രിൻസ് എന്ന ചിത്രത്തിൽ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം ദേവ പ്രവർത്തിച്ചു.
പ്രണയാർദ്രമായ ഈണങ്ങൾക്കൊപ്പം തമിഴിലെ താളപ്രധാനമായ സംഗീതശൈലിയെ മലയാളത്തിന്റെ കാവ്യാത്മകമായ വരികളോടും മധുരമായ ആലാപനത്തോടും ചേർത്തിണക്കാൻ ദേവയ്ക്ക് കഴിഞ്ഞു. ഭാഷകൾക്കതീതമായി സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ ആ സംഗീതപ്രതിഭയ്ക്ക് ഇന്ന് നാട് വിടചൊല്ലും.




