സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സി.ഇ.ഒ കാവ്യ മാരനും വിവാഹിതരാകുന്നതായി റിപ്പോർട്ട്. ഇരുവരുടെയും വിവാഹസൽക്കാരം നവംബർ 21ന് ചെന്നൈയിൽ നടക്കുമെന്നാണ് വിവരം. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ കാവ്യയുടെ മാതാപിതാക്കളായ കലാനിധി മാരനും കാവേരി മാരനും നേരിട്ടെത്തി ക്ഷണിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.
സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും ഭാര്യ കാവേരി മാരനും മുഖ്യമന്ത്രിയുടെ ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് ക്ഷണക്കത്ത് കൈമാറിയത്. അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹത്തോടനുബന്ധിച്ചുള്ള വിരുന്ന് നവംബർ 21ന് ചെന്നൈയിൽ നടക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച കുറിപ്പിലുള്ളത്.
ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ലാസ് വെഗാസിൽ ഇരുവരും ഒരുമിച്ച് അത്താഴവിരുന്നിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നതും വാർത്തകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനത്തിന്റെ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.




