ഡൽഹിയിൽ മലയാളി യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ അന്വേഷണം ഊർജിതമാക്കി പൊലീസ്. കോഴിക്കോട് ചാത്തമംഗലം സ്വദേശി എൻ.സി. മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം നെടിയിരുപ്പ് കാരിമുക്ക് സ്വദേശിനി കെ. ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഫർഹാനയെ തറയിൽ മരിച്ച നിലയിലും അസ്ലമിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അസ്ലം ജീവനൊടുക്കിയതാണോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഫർഹാനയുടെ 28-ാം പിറന്നാൾ ആഘോഷിച്ച് മണിക്കൂറുകൾക്കു ശേഷമാണ് ദാരുണ സംഭവം. വ്യാഴാഴ്ച ഇരുവരും പുറത്തുപോയി ഭക്ഷണം കഴിക്കുകയും കേക്ക് മുറിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഫർഹാന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
2023ൽ വിവാഹിതരായ ദമ്പതികൾ ഒന്നരവർഷത്തോളം ബെംഗളൂരുവിൽ താമസിച്ച ശേഷം മൂന്ന് മാസം മുൻപാണ് ഗുരുഗ്രാമിലേക്ക് താമസം മാറിയത്. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന അസ്ലത്തിന് ജോലി സംബന്ധമായ സമ്മർദത്തെ തുടർന്ന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്.
മരണത്തിന് മുൻപ് അസ്ലം ജോലി ചെയ്തിരുന്ന കമ്പനിക്ക് ഇ-മെയിൽ അയച്ചിരുന്നു. ഇതിൽ മാതാപിതാക്കളുടെയും വീട്ടുടമയുടെയും ഫോൺ നമ്പറുകളും നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിൽനിന്ന് ആത്മഹത്യാക്കുറിപ്പും ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. കുറിപ്പിൽ ആർക്കെതിരെയും ആരോപണങ്ങളില്ലെന്നാണ് പൊലീസ് അറിയിച്ചത്. ഫർഹാനയുടെ മരണത്തിൽ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.




