മലപ്പുറം: മുണ്ടക്കുളത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാവ് വിഞ്ജുഷയ്ക്കെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പെന്ന് കരുതുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
വിഞ്ജുഷയെയും മകൻ സയാൻ സിദ്ധിനെയും ഇന്നലെ രാവിലെ ഒൻപതുമണിയോടെയാണ് വീട്ടിൽനിന്ന് കാണാതായത്. ശ്രീനാഥിന്റെ അമ്മ ക്ഷേത്രത്തിൽനിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഇരുവരെയും കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. വിഞ്ജുഷയുടെ ഫോൺ വീട്ടിൽത്തന്നെ ഉണ്ടായിരുന്നതിനാൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു.
ഉച്ചയ്ക്ക് 12.45-ഓടെ മുണ്ടക്കുളം സ്കൂൾ ഗ്രൗണ്ടിന് സമീപത്തെ വീട്ടുകിണറ്റിലാണ് അമ്മയെയും കുഞ്ഞിനെയും കണ്ടെത്തിയത്. കിണർ മൂടിയിരുന്ന വലയുടെ ഒരുഭാഗത്ത് വിടവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും കിണറ്റിലുള്ളതായി കണ്ടെത്തിയത്.
കുഞ്ഞിനെ ചേർത്തുപിടിച്ച് കിണറിന്റെ പടവിൽ പിടിച്ച നിലയിലായിരുന്നു വിഞ്ജുഷ. നാട്ടുകാർ ഇരുവരെയും പുറത്തെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ വിഞ്ജുഷ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യാശ്രമമാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിന്റെ സാഹചര്യങ്ങളും കണ്ടെത്തിയ കുറിപ്പിന്റെ ഉള്ളടക്കവും പരിശോധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.




